ഡൽഹി : ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായി കടന്നു പോവാനുള്ള വഴി ഒരുക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യയുടെയും, യുക്രെയ്ന്റെയും ഇന്ത്യയിലെ അംബാസിഡർമാരോട് വിദേശ കാര്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചു.ഖാർക്കിവിലെയും,മറ്റു സംഘർഷമേഖലയിലെയും ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിത വഴി ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടത്. റഷ്യയിലെയും, യുക്രൈനിലേയും, ഇന്ത്യൻ അംബാസിഡർമാരും ഇക്കാര്യം അതാത് രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ഖാർക്കിവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ഇന്ന് രാവിലെയാണ് ഷെല്ലാക്രമണം നടന്നത്. അതെ സമയം യുദ്ധ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യക്കാർ ഇന്ന് തന്നെ കീവ് വിടണമെന്ന് ഇന്ത്യ ആവർത്തിച്ചു. ട്രെയിനുകളോ, കിട്ടാവുന്ന മറ്റു മാർഗങ്ങളോ ഉപയോഗിച്ച് യുദ്ധ മേഖലയിൽ നിന്നും ഉടനടി മാറണം എന്നാണ് നിർദേശം.
കേന്ദ്രമന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. യുദ്ധമേഖലയിൽ നിന്നും 9000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്
Comments