മലപ്പുറം : അരീക്കോട് തളർന്നുകിടക്കുന്ന അമ്മയ്‌ക്ക് മുൻപിൽ ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ ഇടപെടലുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകി. പീഡനത്തിന് ഇരയായ പെൺകുട്ടിയോടും കുടുംബത്തോടും അനുഭാവപൂർണമായ സമീപനമല്ല സർക്കാരിനും ജില്ലാ ഭരണകൂടത്തിനും ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
തളർന്ന് കിടപ്പിലായ അമ്മയെ പരിചരിക്കുന്ന മകളെ അർദ്ധരാത്രി കതക് ചവിട്ടിത്തുറന്ന് അമ്മയുടെ കൺമുൻപിൽ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇരയോട് അനുഭാവപൂർണ്ണമായ സമീപനമല്ല സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിലെ മന്ത്രിമാരും എംപിമാരും എംഎൽഎമാരും അടക്കം ഒരൊറ്റ ജനപ്രതിനിധി പോലും കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയില്ല. പ്രതിക്ക് രാഷ്‌ട്രീയ സ്വാധീനമുള്ളതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്‌ക്ക് നൽകിയ പരാതിയിൽ അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പ്രതി ടി.വി ഷിഹാബിനെ പോലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്. എന്നാൽ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നിട്ടും ഇരയെ ആശ്വസിപ്പിക്കാനോ വേണ്ട സഹായങ്ങൾ നൽകാനോ സർക്കാർ തയ്യാറായിട്ടില്ല. മാത്രമല്ല പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസുകാരിൽ നിന്നും ഉണ്ടാകുന്നത്. ഇതോടെയാണ് പെൺകുട്ടിയ്‌ക്ക് നീതി ഉറപ്പാക്കുന്നതിനായി സുരേന്ദ്രൻ ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകിയത്.
















Comments