ചെന്നൈ: റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം കൂടംകുളം ആണവനിലയത്തിന്റെ നിർവ്വഹണത്തിൽ തടസ്സം സൃഷ്ടിക്കില്ലെന്ന് റോസാറ്റം. തമിഴ്നാട്ടിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കായി നിർമ്മിക്കുന്ന നിലയം റഷ്യയുടെ പൊതു ഉടമസ്ഥതയിലുള്ള റോസാറ്റം സ്റ്റേറ്റ് അറ്റോമിസ് എനർജി കോർപ്പറേഷൻ (റോസാറ്റം) ആണ് നിർമ്മിക്കുന്നത്.
ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത യൂണിറ്റാണ് കൂടംകുളം ആണവനിലയം. 1,000 മെഗാവാട്ട് (MW) വീതമുള്ള ആറ് യൂണിറ്റുകൾ നിർമ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതിൽ രണ്ട് യൂണിറ്റുകൾ ഇതിനകം പൂർത്തീകരിച്ചു. റോസാറ്റോമിന്റെ അനുബന്ധ സ്ഥാപനമായ ആറ്റംസ്ട്രോയ് എക്സ്പോർട്ട് നിർമ്മിക്കുന്നതിനാൽ ഇന്ത്യ-റഷ്യ സഹകരണത്തിന്റെ നാഴികക്കല്ലായി ഈ പദ്ധതിയെ കണക്കാക്കുന്നത്.
യൂണിറ്റ്-1 2013ൽ ഉൽപ്പാദനം ആരംഭിച്ചിരുന്നു. 2016ൽ യൂണിറ്റ്-2 ഉത്പാദനം തുടങ്ങി. യൂണിറ്റ്-3, യൂണിറ്റ്-4 എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. നിർമ്മാണം 2027 സാമ്പത്തിക വർഷത്തോടെ പൂർത്തിയാകും. യൂണിറ്റ്-5, യൂണിറ്റ്-6 എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം ജൂണിൽ റിയാക്ടർ കെട്ടിടത്തിന്റെ ഫൗണ്ടേഷൻ പ്ലേറ്റിലേക്ക് ആദ്യത്തെ കോൺക്രീറ്റ് ഒഴിച്ചുകൊണ്ടാണ് ആരംഭിച്ചത്.
പ്ലാന്റിന് ആവശ്യമായ ഉപകരണങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ നിർമ്മിക്കുന്നുണ്ടെന്ന് റോസാറ്റം കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. വിവിധ യൂണിറ്റുകൾക്കായി ഇരു രാജ്യങ്ങളും വായ്പാ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. പദ്ധതിക്ക് ധനസഹായം നൽകുന്നതിന് റഷ്യ ഇന്ത്യക്ക് വായ്പ നൽകുന്നുണ്ട്. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ ഇതിനകം തന്നെ കാലതാമസം നേരിട്ട പദ്ധതികൾക്കുള്ള ഉപകരണങ്ങളുടെയും വായ്പാ വിതരണത്തിലെയും തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.
വിവാദങ്ങളാൽ തടസ്സപ്പെട്ടത് പദ്ധതിയുടെ കാലതാമസത്തിനും ചെലവ് വർദ്ധനയ്ക്കും കാരണമായി. 1988 നവംബറിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് യൂണിയന്റെ രാഷ്ട്രത്തലവൻ മിഖായേൽ ഗോർബച്ചേവും ചേർന്ന് ഒരു അന്തർ-സർക്കാർ ഉടമ്പടിയിലൂടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. എന്നാൽ കമ്യൂണിസത്തിന്റെ തകർച്ചയോടെ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതോടെ ഒരു ദശാബ്ദത്തോളം അനിശ്ചിതത്വത്തിൽ തുടർന്നു. 2000ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പദ്ധതി പുനരുജ്ജീവിപ്പിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്തത്.
2011ൽ ജപ്പാനിലെ ഫുകുഷിമ ആണവ ദുരന്തത്തെത്തുടർന്ന്, കൂടംകുളം പദ്ധതിയ്ക്കെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ സർക്കാരിതര സംഘടനകളെ കുറ്റപ്പെടുത്തിയിരുന്നു. 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത എന്നിവർ സംയുക്തമായി കൂടംകുളം ആണവനിലയത്തിലെ യൂണിറ്റ്-1 രാഷ്ട്രത്തിന് സമർപ്പിച്ചു.
Comments