കൊട്ടാരക്കര: പഞ്ചായത്ത് വക കുളത്തില്‍ നിന്നും എട്ട് സ്റ്റീല്‍ വാളുകള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൈലം പള്ളിക്കല്‍ കടക്കുളത്താണ് സംഭവം. കുളം വൃത്തിയാക്കുന്നതിനിടെയാണ് സംശയാസ്പദമായ രീതിയില്‍ വാളുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാളുകള്‍ കണ്ടെത്തിയത്. വേനല്‍ക്കാല ശുചീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി കുളം വൃത്തിയാക്കുന്ന നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു.
മോട്ടര്‍ ഉപയോഗിച്ച് കുളം വറ്റിച്ചപ്പോഴാണ് ചാക്കുകെട്ട് കണ്ടെത്തിയത്. പ്രദേശത്ത് ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചു. വിവരം ലഭിച്ചയുടന്‍ തന്നെ കൊട്ടാരക്കര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പോലീസ് നിര്‍ദ്ദേശപ്രകാരം തൊഴിലാളികള്‍ ചാക്ക് അഴിച്ച് പരിശോധിച്ചപ്പോഴാണ് വാളുകള്‍ കണ്ടത്. എട്ട് സ്റ്റീല്‍ വാളുകളാണ് ചാക്കില്‍ ഉണ്ടായിരുന്നത്.
അടുത്ത കാലത്തായി നിര്‍മ്മിച്ചതാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വാളുകള്‍ വലുതും അഞ്ച് വാളുകള്‍ ചെറുതുമാണ്. അന്വേഷണം വ്യാപിപ്പിക്കുമെന്നും, കണ്ടെടുത്ത വാളുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും കൊട്ടാരക്കര പോലീസ് വ്യക്തമാക്കി.
















Comments