തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടർന്ന് ജാഗ്രത നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദ്ദം, ശ്രീലങ്ക-തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ന്യൂനമർദ്ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മാർച്ച് 4, 5, 6 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കേരള തീരത്തും ലക്ഷദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാൽ അടുത്ത 5 ദിവസത്തേക്ക് കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം തുടങ്ങിയ സമുദ്ര മേഖലകളിലേക്ക് മത്സ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. ഇവിടങ്ങളിൽ ന്യൂനമർദ്ദ സ്വാധീന ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാലാണിത്. കടലിൽ പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
ന്യൂനമർദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക എന്നും മുഖ്യന്ത്രി അറിയിച്ചു.
















Comments