ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗ കൂടുതൽ ഊർജ്ജിതമാക്കി സ്പൈസ് ജെറ്റ്. യുക്രെയ്നിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരെ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കുന്നതിനായി സ്ലോവാക്യയിലെ കോസിസെയിലേയ്ക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും പ്രത്യേക വിമാനങ്ങൾ കോസിസെയിലേയ്ക്ക് പറന്നുയരുമെന്നും സ്പൈസ് ജെറ്റ് വ്യക്തമാക്കി.
കൂടാതെ, റൊമാനിയയിലെ ബുക്കാറസ്റ്റിലേയ്ക്ക് മാർച്ച് 4നും, മാർച്ച് 6നും പ്രത്യേക വിമാന സർവീസുകൾ ഉണ്ടായിരിക്കും. സ്പൈസ് ജെറ്റിന്റെ ബോയിങ് 737 മാക്സ് വിമാനമായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. വിമാനങ്ങളിൽ എത്തുന്ന ആളുകളുടെ എണ്ണം ഇനിയും വ്യക്തമല്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ രണ്ട് സ്പൈസ് ജെറ്റ് വിമാനങ്ങളാണ് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ട് തിരികെ എത്തിയത്. അതേസമയം, ഇന്ത്യൻ പൗരന്മാരുമായി ബുഡാപെസ്റ്റിൽ നിന്നും പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇന്ന് വൈകിട്ട് 6.30 ഓടെ രാജ്യതലസ്ഥാനത്ത് എത്തിച്ചേരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Comments