മോസ്‌കോ: യുദ്ധത്തിനിടെ സമാധാനം കണ്ടെത്താനുളള രണ്ടാം വട്ട ചർച്ച ഇന്ന് നടക്കാനിരിക്കെ വീണ്ടും ആണവ ഭീഷണി ഉയർത്തി റഷ്യ. ആണവായുധങ്ങൾ സ്വന്തമാക്കാൻ യുക്രെയ്നെ അനുവദിക്കില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കി. അതിനിടെ വീണ്ടും ആണവ ഭീഷണി ഉയർത്താനും റഷ്യൻ വിദേശകാര്യ മന്ത്രി തയ്യാറായി.
മൂന്നാം ലോക മഹായുദ്ധം ആണവവും വിനാശകരവുമാകുമെന്ന് ലാവ്‌റോവ് മുന്നറിയിപ്പ് നൽകി. യുക്രെയ്നിൽ അധിനിവേശം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തന്റെ രാജ്യത്തിന്റെ സേനയോട് ഉത്തരവിട്ടതിന് ശേഷമാണ് പുതിയ സംഭവവികാസങ്ങൾ ഉരുതിരിഞ്ഞു വന്നിരിക്കുന്നത്. ഫെബ്രുവരി 28ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് ലാവ്റോവിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇരുപക്ഷവും എല്ലാ വിഷയങ്ങളും വിശദമായി ചർച്ച ചെയ്തിരുന്നു. ഇരുപക്ഷത്തിന് യോജിക്കാവുന്ന മേഖലകൾ കണ്ടെത്തിയെന്നും ചർച്ചാ പ്രക്രിയ തുടരാൻ സമ്മതിച്ചുവെന്ന് റഷ്യൻ പ്രതിനിധി തലവൻ വ്ളാഡിമിർ മെഡിൻസ്‌കി പറഞ്ഞു.
റഷ്യൻ ആണവ പ്രതിരോധ സേനയോട് ജാഗ്രത പാലിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നേരത്തെ ഉത്തരവിട്ടിരുന്നു. പുടിൻ ഞായറാഴ്ച രാജ്യത്തെ ആണവ പ്രതിരോധ സേനകൾക്ക് ‘ഉയർന്ന ജാഗ്രത’ നിർദ്ദേശം നൽകിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനെത്തുടർന്ന് യുക്രെയ്‌നിലെ റഷ്യയുടെ നടപടികളെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. പുടിന്റെ ആണവ വാചാടോപം ‘അപകടകരമാണ്’ എന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൾട്ടൻബെർഗിൽ ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം റഷ്യൻ മാദ്ധ്യമങ്ങൾ പറയുന്നതനുസരിച്ച് രണ്ടാം ഘട്ട ചർച്ചകൾ ഇന്ന് നടക്കാനിരിക്കുകയാണ്. വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് അനുസരിച്ച് റഷ്യൻ-യുക്രേനിയൻ രണ്ടാം വട്ട ചർച്ച ബെലാറസിലെ ബെലോവെഷ്സ്‌കയ പുഷ്ചയിൽ നടക്കും.
Comments