കീവ്: യുദ്ധം ഏഴാം ദിനത്തിലേക്ക് കടക്കുമ്പോൾ റഷ്യൻ ആക്രമണത്തിൽ ഇതുവരെ രണ്ടായിരത്തിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ. രക്ഷാപ്രവർത്തകരായ പത്ത് പേർ കൊല്ലപ്പെട്ടതായും യുക്രെയ്ൻ അവകാശപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ റഷ്യ നടത്തിയ ആക്രമണത്തിൽ 400ലധികം സ്ഥലങ്ങളിലുണ്ടായ തീപ്പിടിത്തം യുക്രെയ്‌ന്റെ രക്ഷാദൗത്യ സംഘം അണച്ചു. 416 സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കി. ആശുപത്രികൾ, കിന്റർഗാർട്ടനുകൾ എന്നിവയുൾപ്പെടെ നൂറുക്കണക്കിന് റെസിഡൻഷ്യൽ കെട്ടിടങ്ങളും ഗതാഗത സൗകര്യങ്ങളും റഷ്യ നശിപ്പിച്ചുവെന്നും യുക്രെയ്ൻ അധികൃതർ അറിയിച്ചു. ഏകദേശം ഏഴ് ലക്ഷം യുക്രെയ്ൻ സ്വദേശികൾ പലായനം ചെയ്തുവെന്നാണ് യുഎൻ നൽകുന്ന വിവരം.
ഇന്ന് പ്രധാനമായും യുക്രെയ്‌ന്റെ കിഴക്ക്, തെക്ക്, വടക്ക് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ആക്രമണം. സുപ്രധാന യുക്രെയ്ൻ നഗരമായ ഖാർകീവിൽ കനത്ത ആക്രമണങ്ങളും നാശനഷ്ടങ്ങളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഖാർകീവ് പൂർണമായും പിടിച്ചടക്കാനാണ് റഷ്യയുടെ ശ്രമം. മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഖാർകീവിലുള്ള ഇന്ത്യക്കാർ ഉടൻ മാറണമെന്ന് എംബസി കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു.
















Comments