ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന പഞ്ചാബി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ പോളണ്ടിലേക്ക് പോകാൻ ഒരുങ്ങി കോൺഗ്രസ് എംപി. പഞ്ചാബിൽ നിന്നുളള കോൺഗ്രസ് എംപി ഗുർജീത് സിംഗ് ഔജ്‌ലയാണ് പോളണ്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്.
നാളെ താൻ പോളണ്ടിലേക്ക് പോകുമെന്നും നാല് ദിവസത്തേക്കാണ് പോകുന്നതെന്നും ഗുർജീത് സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പഞ്ചാബിൽ നിന്നുളളവർക്ക് പോളണ്ടിൽ സഹായം ആവശ്യമുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളെയും പൗരൻമാരെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോൺഗ്രസ് എംപിമാരുടെ സംഘം കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നുൾപ്പെടെയുളള കാര്യങ്ങളായിരുന്നു ആവശ്യപ്പെട്ടത്. ഗുർജീത് സിംഗും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.
മനീഷ് തിവാരി, അമർ സിംഗ്, രവ്‌നീത് സിംഗ് ബിട്ടു തുടങ്ങിയവരായിരുന്നു സംഘത്തിലെ മറ്റുളളവർ. അതേസമയം കോൺഗ്രസ് എംപിയുടേത് രാഷ്‌ട്രീയ നാടകമാണെന്നും അദ്ദേഹം പോളണ്ടിലേക്കല്ല യുക്രെയ്‌നിലേക്കാണ് പോകേണ്ടതെന്നും വിമർശനം ഉയർന്നുകഴിഞ്ഞു. യുദ്ധം രൂക്ഷമായ യുക്രെയ്‌നിൽ നിന്നും ഏറെ പണിപ്പെട്ടാണ് കേന്ദ്രസർക്കാർ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും നയതന്ത്ര പ്രതിനിധികളുടെയും സഹായത്തോടെ വിദ്യാർത്ഥികളെ അതിർത്തി രാജ്യങ്ങളിൽ എത്തിക്കുന്നത്.
പോളണ്ടിൽ നിന്നും ഇതിനോടകം നിരവധി ഇന്ത്യക്കാരെ സർക്കാർ തിരിച്ചെത്തിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുളള ഇടപെടലിൽ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ പോളണ്ട് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ഉദ്യോഗസ്ഥരുമായി ഏറെ സഹകരിക്കുകയും ചെയ്യുന്നുണ്ട്.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാല് കേന്ദ്രമന്ത്രിമാരെ യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി അയച്ചിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. സർക്കാർ നീക്കത്തിന് വലിയ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്നും മറ്റും ലഭിച്ചത്. ഇതിന് പിന്നാലെയാണ് പോളണ്ടിലേക്ക് പോകാൻ കോൺഗ്രസ് എംപി തയ്യാറെടുക്കുന്നത്.
കേന്ദ്രമന്ത്രി വി.കെ സിംഗ് ആണ് പോളണ്ടിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഇവിടെ എത്തിച്ചിരുന്ന ഇന്ത്യൻ പൗരൻമാരെ സൈനിക വിമാനത്തിൽ ഉൾപ്പെടെ നാട്ടിലെത്തിച്ചുകൊണ്ടിരിക്കുകയാണ്.
















Comments