കൊച്ചി: യുക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്നും ഇന്ത്യയിലെത്തിയ ആര്യയും, വളർത്തുനായ സേറയും കേരളത്തിലെത്തി. എയർഇന്ത്യയുടെ വിമാനത്തിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. കുടുംബാംഗങ്ങൾ ചേർന്നാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിച്ചത്.
പ്രതിസന്ധികളിൽ ഒപ്പം നിന്നവർക്ക് ആര്യ നന്ദി പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉണ്ടായതുകൊണ്ടാണ് തനിക്ക് വിജയകരമായി യാത്ര പൂർത്തിയാക്കാൻ സാധിച്ചതെന്നും ആര്യ പറഞ്ഞു. യുക്രെയ്‌നിൽ നിന്നും ഡൽഹിയിലെത്തിയ ആര്യയ്‌ക്ക് സേറയെ കൊണ്ടുവരുന്നതിന് എയർഏഷ്യ വിമാനകമ്പനി അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് എയർഇന്ത്യ വിമാനത്തിലാണ് ഇരുവരും നെടുമ്പാശ്ശേരിയിൽ എത്തിയത്.
ഫെബ്രുവരി 27നാണ് യുക്രെയ്‌നിൽ നിന്ന് ആര്യ യാത്ര തിരിച്ചത്. സേറയെ യുക്രെയ്‌നിൽ ഉപേക്ഷിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആര്യ അതിന് തയ്യാറായില്ല. കിലോമീറ്ററുകളോളമാണ് സേറയുമായി ആര്യ നടന്നത്. വസ്ത്രങ്ങളും മറ്റും യാത്രയിൽ ബുദ്ധിമുട്ടായപ്പോൾ അതിൽ പലതും ഉപേക്ഷിച്ചു. പിന്നെയും സേറയുമായി യാത്ര തുടരുകയും ചെയ്തു. യുദ്ധഭൂമിയിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് മടങ്ങുകയാണ് പലരും. അപ്പോഴാണ് വളർത്തുനായയെ ഒപ്പം കൂട്ടിയുള്ള ആര്യയുടെ യാത്ര. ഇതിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് ആര്യ. സൈബീരിയൻ ഹസ്‌കി ഇനത്തിൽപ്പെട്ട നായയുമായാണ് ആര്യ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ആര്യ. കീവിലെത്തിയപ്പോൾ വാങ്ങിയതാണ് ഹസ്‌കി ഇനമായ സേറയെന്ന നായയെ.
















Comments