ഷിയ പള്ളിയിലുണ്ടായ ചാവേറാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

Published by
Janam Web Desk

പെഷവാർ: വടക്കു കിഴക്കൻ പാകിസ്താനിൽ പെഷവാറിലെ ഷിയ പള്ളിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ഇന്നലെയുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 57 പേരാണ് മരിച്ചത്. 200ഓളം പേർക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി വലിയ ജനക്കൂട്ടം പള്ളിക്കുള്ളിലുള്ള സമയത്തായിരുന്നു ചാവേറുകൾ എത്തിയത്.

അഫ്ഗാനിസ്താൻ അതിർത്തിയിലാണ് സ്‌ഫോടനം നടന്ന ഖ്വിസ ഖ്വാനി മേഖലയിലുള്ള ജാമിയ മുസ്ലീം പള്ളി. മാർക്കറ്റ് പ്രദേശമായതിനാൽ പ്രദേശത്ത് എപ്പോഴും വലിയ ആൾക്കൂട്ടമാണുള്ളത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. രണ്ട് ചാവേറുകൾ പള്ളിക്കുള്ളിലേക്ക് കയറി ആക്രമണം നടത്തുകയായിരുന്നു.

പള്ളിക്ക് പുറത്ത് കാവലുണ്ടായിരുന്ന പോലീസുകാരിൽ ഒരാളെ വെടിവച്ച് കൊന്ന ശേഷമാണ് അക്രമികൾ അകത്തേക്ക് കടന്നത്. തൊട്ടുപിന്നാലെ ഉഗ്രസ്‌ഫോടനമുണ്ടാവുകയായിരുന്നു. പരിക്കേറ്റ നിരവധി പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Share
Leave a Comment