മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. മൊഹാലിയിൽ നടക്കുന്ന മത്സരത്തിൽ 175 റൺസ് നേടിയിട്ടും പുറത്താകാതെ നിൽക്കുന്ന താരം, കപിൽ ദേവിന്റെ റെക്കോർഡാണ് തകർത്തത്. മൂന്ന് സിക്‌സുകളും, 17 ബൗണ്ടറികളും ഉൾപ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്‌സ്. ജഡേജയുടെ കൂറ്റൻ സ്‌കോറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 578 റൺസിന് ഡിക്ലയർ ചെയ്തു.
1986ൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴാമത് ബാറ്റിങിനിറങ്ങി കപിൽ നേടിയ 163 റൺസായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്‌കോർ. ഇതിനെയാണ് ജഡേജ മറികടന്നത്. ഇതോടൊപ്പം ഏഴാമതോ അതിൽ താഴെയോ ബാറ്റിങിനിറങ്ങി 150 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റർ എന്ന നേട്ടവും ജഡേജ സ്വന്തമാക്കി. ജഡേജയ്‌ക്കും കപിലിനും പുറമെ, ഒരു മത്സരത്തിൽ 150ലധികം റൺസ് നേടിയിട്ടുള്ള താരം റിഷഭ് പന്താണ്. 2019ൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. എന്നാൽ, കപിലിന്റെ നേട്ടം മറികടക്കാൻ ആർക്കും ആയിരുന്നില്ല. അതാണ് ജഡേജ ഇന്ന് തകർത്തത്.
രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്‌ക്ക് ജഡേജ-അശ്വിൻ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. 130 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 61 റൺസെടുത്ത അശ്വിൻ പുറത്തായത്. പിന്നീടെത്തിയ ജയന്ത് യാദവ് രണ്ട് റൺസിന് പുറത്തായെങ്കിലും മുഹമ്മദ് ഷമി മികച്ച പിന്തുണ നൽകി കളി തുടരുകയായിരുന്നു. ഒൻപതാം വിക്കറ്റിൽ ജഡേജ-ഷമി സഖ്യം 103 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മാച്ച് ഡിക്ലയർ ചെയ്യുകയായിരുന്നു. 20 റൺസുമായി ഷമി പുറത്താകാതെ നിന്നു.
ടെസ്റ്റിന്റെ ആദ്യ ദിനം, 97 പന്തിൽ 96 റൺസ് നേടിയ റിഷഭ് പന്തിന്റെ മികവിലാണ് ഇന്ത്യ സ്‌കോർ ഉയർത്തിയത്. ജഡേജയ്‌ക്കൊപ്പം ആറാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു പന്തിന്റെ മടക്കം. നേരത്തെ വിരാട് കോഹ്‌ലിക്ക് തന്റെ നൂറാം ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നഷ്ടമായിരുന്നു.
Comments