തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ന്യായീകരിച്ച് കെ.കെ ശൈലജ. കോടിയേരിയുടെ പരാമർശം സ്ത്രീവിരുദ്ധമല്ലെന്ന് ശൈലജ പറഞ്ഞു. ചില വാക്കുകൾ മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷനിൽ അടക്കം പരാതി എത്തിയതോടെയാണ് കോടിയേരിയെ ന്യായീകരിച്ച് മുൻ മന്ത്രികൂടിയായ ശൈലജ എത്തിയത്.
പാർട്ടിയിലെ വനിതാ പ്രാതിനിധ്യത്തെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയാണ് വിവാദത്തിലായത്. സംസ്ഥാന കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുമോ എന്ന ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന് കോടിയേരി മറുപടി നൽകി. എന്നാൽ 50 ശതമാനമാക്കുമോ എന്ന ചോദ്യത്തിന് നിങ്ങൾ പാർട്ടിയെ തകർക്കാൻ വേണ്ടി നടക്കുന്നതാണോ എന്നാണ് കോടിയേരി ചോദിച്ചത്. ഈ പ്രസ്താവനയാണ് വിവാദത്തിലായത്.
കമ്മിറ്റികളിൽ 50 ശതമാനം സ്ത്രീകളുടെ പ്രാതിനിധ്യം പ്രായോഗികമല്ലെന്നാണ് കോടിയേരിയുടെ വിശദീകരണം. കോടിയേരിയുടെ പ്രസ്താവന വലിയ വിമർശനമാണ് നേരിട്ടത്. പാർട്ടി കമ്മറ്റികളിൽ 50 സ്ത്രീകൾ വന്നാൽ പാർട്ടി തകരുമെന്നാണ് കോടിയേരി ഉദ്ദേശിച്ചതെന്ന രീതിയിൽ ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ഹരിത മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു.
17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ പി.കെ ശ്രീമതി മാത്രമാണ് വനിതാ പ്രാതിനിധ്യം. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ, ടി.എം തോമസ് ഐസക്, എ.കെ ബാലൻ, ടി.പി രാമകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി. രാജവ്, കെ.കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൽ, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ ബിജു, പുത്തലത്ത് ദിനേശൻ, വി.എൻ വാസവൻ, സജി ചെറിയാൻ എന്നിവരാണ് മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങൾ.
















Comments