ലക്‌നൗ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ വികസനങ്ങൾ സമാജ് വാദി പാർട്ടി അധ്യക്ഷന് കാണാൻ സാധിക്കാത്തത് അദ്ദേഹം ഇരുണ്ട കണ്ണട ധരിച്ചിരിക്കുന്നതിനാലാണെന്ന് അമിത് ഷാ പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിലെ ജൗൻപൂരിൽ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉത്തർപ്രദേശിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ അഖിലേഷ് യാദവ് ചോദ്യം ഉന്നയിക്കുകയാണ്. എന്നാൽ ഇതിലെ വസ്തുത എന്തെന്നാൽ ഇരുണ്ട കണ്ണട ധരിക്കുന്നതിനാലാണ് അദ്ദേഹത്തിന് വികസനം ഒന്നും കാണാൻ സാധിക്കാത്തത്. അതായത് സ്വന്തം കണ്ണ് അടച്ചാൽ പുറമെ എത്ര പ്രകാശം ഉണ്ടെങ്കിലും അത് തിരിച്ചറിയാനാവില്ല. അഖിലേഷിന്റെ മനസ്സും, കാഴ്ചപ്പാടുകളും എല്ലാം ഇരുണ്ടതാണ് അതിനാലാണ് ചുറ്റുമുള്ളതെല്ലാം അദ്ദേഹത്തിന് അപ്രകാരം ദൃശ്യമാകുന്നത്. വികസം ഉണ്ടായിട്ടും അത് അദ്ദേഹത്തിന് ബോധ്യപ്പെടാത്തത് അഖിലേഷിന്റെ മനസ്സ് അങ്ങനെയായതിനാലാണ്’ അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ബിജെപി സർക്കാർ ഉത്തർപ്രദേശിൽ നിന്നും ഭീകരവാദത്തെ തുരത്തിയോടിച്ചു. അഴിമതിയും, ഭീകരവാദവും ഇല്ലാത്ത സംസ്ഥാനമായി ഉത്തർപ്രദേശിനെ മാറ്റുക എന്നത് യോഗി സർക്കാരിന്റെ പ്രതിജ്ഞയാണ്. അത് നിറവേറ്റുകയും ചെയ്യുകയാണ് സർക്കാർ എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അതേസമയം, ഉത്തർപ്രദേശിലെ വോട്ടെടുപ്പിന്റെ ആറ് ഘട്ടങ്ങളും പൂർത്തിയായിരിക്കുകയാണ്. മാർച്ച് 7നാണ് സംസ്ഥാനത്തെ അവസാനഘട്ട തിരഞ്ഞെടുപ്പ്. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Comments