ന്യൂഡൽഹി : എന്തിനും ഏതിനും കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രവണതയുള്ളയാളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളെ മുഴുവൻ കുറ്റപ്പെടുത്തുന്ന മമതയ്‌ക്ക് ഇടയ്‌ക്കിടെ വ്യാജ പ്രചാരണം നടത്തിയതിന് പണിയും കിട്ടാറുണ്ട്. ഇപ്പോൾ വിമാനം ആകാശച്ചുഴിയിൽ പെട്ടതിനാണ് മമത കേന്ദ്രത്തിനെതിരെ തിരിഞ്ഞത്.
വാരാണസിയിൽ നിന്നും കൊൽക്കത്തയിലേക്ക് ദസോൾട്ട് ഫാൽക്കൺ 2000 ബിസിനസ് ജെറ്റിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സമാജ് വാദി പാർട്ടിക്ക് വേണ്ടി ഉത്തർപ്രദേശിൽ പ്രചാരണം നടത്താൻ പോയതായിരുന്നു മമത. തിരിച്ച് വരുമ്പോൾ ചാർട്ടേഡ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ശക്തമായി കുലുങ്ങുകയായിരുന്നു. ആകാശച്ചുഴിയിൽ നിന്ന് പുറത്തുകടന്ന വിമാനം വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. സംഭവത്തിൽ തനിക്ക് പരിക്കേറ്റു എന്നാണ് ദീദിയുടെ ആരോപണം. സംസ്ഥാന സർക്കാർ വാടകയ്‌ക്ക് എടുത്ത വിമാനമാണ് ഫാൽക്കൺ.
സംഭവത്തിന് പിന്നാലെയാണ് തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് മമത പറയുന്നത്. ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂൽ കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് ഗുരുതരമാണെന്നും മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ടെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് പറഞ്ഞു.
രണ്ട് ഫ്ലൈറ്റ് അറ്റൻഡന്റുമാർ ഉൾപ്പെടെ പരമാവധി 19 പേരെ വഹിക്കാൻ ശേഷിയുള്ള 10.3 ടൺ ഭാരം കുറഞ്ഞ വിമാനമായ ദസ്സാൾട്ട് ഫാൽക്കൺ 2000 എന്ന വിമാനത്തിലാണ് ബാനർജി യാത്ര ചെയ്തത്. ഇത് സംബന്ധിച്ച് മമത ബാനർജി ഡിജിസിഎക്ക് കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം.
Comments