മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. മത്സരത്തിൽ നേടിയ അഞ്ചാം വിക്കറ്റോടെ, ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കിയിരിക്കുകയാണ് അശ്വിൻ. തന്റെ 85-ാം മത്സരത്തിലാണ് വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ അശ്വിൻ പിന്നിലാക്കിയത്.
രണ്ടാം ഇന്നിങ്‌സിൽ 36-ാം ഓവറിലെ മൂന്നാം പന്തിൽ അസലങ്കയെ പുറത്താക്കിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ സ്പിന്നറായി രവിചന്ദ്ര അശ്വിൻ മാറിയത്. 131 മത്സരങ്ങളിൽ നിന്നും 434 വിക്കറ്റുകളാണ് ടെസ്റ്റ് കരിയറിൽ കപിൽ നേടിയിരുന്നത്. ഇതിനെ പിന്നിലാക്കിയത് അശ്വിൻ നേടിയ 435 വിക്കറ്റുകളാണ്.
132 മത്സരങ്ങളിൽ നിന്നും 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയാണ് ഇന്ത്യൻ ബൗളർമാരിൽ അശ്വിന് മുന്നിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 400ലധികം വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബൗളറായിരിക്കുകയാണ് അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ അനിൽ കുംബ്ലെ, അശ്വിൻ, കപിൽ ദേവ്, ഹർബജൻ സിംഗ് എന്നിവരാണ് 400ലധികം വിക്കറ്റ് നേടിയത്.
അതേസമയം, 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരൻ, 708 വിക്കറ്റ് നേടിയ ഷെയ്ൻ വോൺ, 640 വിക്കറ്റ് നേടിയ ജയിംസ് ആൻഡേഴ്‌സൺ, 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ, 563 വിക്കറ്റ് നേടിയ ഗ്ലെൻ മഗ്രാത്ത്, 537 വിക്കറ്റ് സ്വന്തമാക്കിയ സ്റ്റുവർട്ട് ബ്രോഡ്, 519 വിക്കറ്റ് നേടിയ കോർട്ട്‌നി വാൽഷ്, 439 വിക്കറ്റ് നേടിയ ഡെയ്ൽ സ്‌റ്റെയൻ എന്നിവരാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ അശ്വിന് മുന്നിലുള്ളത്.
ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ശ്രീലങ്ക ബാറ്റിങ് തകർടച്ച നേരിടുകയാണ്. നിലവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെന്ന നിലയിലാണ് ശ്രീലങ്ക. നേരത്തെ, എട്ടു വിക്കറ്റ് നഷ്ടത്തിൽ 574 റൺസിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ഇന്ത്യയ്‌ക്കെതിരേ ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 174 റൺസിൽ അവസാനിച്ചിരുന്നു.
















Comments