സൈനിക നടപടിയ്‌ക്ക് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടതോടെ യുക്രെയ്നിലെ സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ, യുക്രെയ്ൻ പിടിച്ചടക്കിയാൽ എന്ത് സംഭവിക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. യുദ്ധമുഖത്ത് നിൽക്കുന്ന യുക്രെയ്‌നിൽ നിന്ന് വളർത്തുമൃഗങ്ങളേയും കൂട്ടി പലായനം ചെയ്യുന്നവരേയും വളർത്തുമൃഗങ്ങളില്ലാതെ എങ്ങോട്ടേയ്‌ക്കുമില്ലെന്ന് വാശിപിടിക്കുന്നവരുടേയും നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നതും.
ഇന്ത്യക്കാരനായ കുമാൻ ബന്ദിയാണ് വളർത്തുമൃഗങ്ങളുമായല്ലാതെ രാജ്യത്തേക്ക് ഇല്ലെന്ന് വാശിപിടിച്ച് നിൽക്കുന്നത്. ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിയാണ് കുമാർ ബന്ദി. യുക്രെയ്‌നിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ് ഇദ്ദേഹം. 15 വർഷം മുൻപാണ് കുമാർ യുക്രെയ്‌നിലേക്ക് മെഡിസിൻ പഠനത്തിനായി എത്തുന്നത്. ഇപ്പോൾ അവിടെ ജോലിയുമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
രണ്ട് വളർത്ത് മൃഗങ്ങളാണ് കുമാറിനുള്ളത്. ഒരെണ്ണം അമേരിക്കൻ കടുവയും ഒന്ന് കരിമ്പുലിയു(ബ്ലാക്ക് പാന്തർ)മാണ്. വളർത്തുമൃഗങ്ങളായ ഇവരുമായല്ലാതെ ഇന്ത്യയിലേക്ക് വരില്ലെന്ന് വാശിപിടിക്കുകയാണ് കുമാർ ഇപ്പോൾ. തനിക്ക് തന്റെ മക്കളെക്കാൾ പ്രിയപ്പെട്ടവരാണ് ഇവരെന്നും കുമാർ പറയുന്നു. ഇവരുടെ വിശേഷങ്ങൾ പങ്കുവെയ്‌ക്കാൻ യൂട്യൂബ് ചാനലും കുമാറിനുണ്ട്.
11 ദിവസമായി യുക്രെയ്‌നിലെ ബങ്കറിൽ അഭയം പ്രാപിച്ചിരിക്കുകയണ് ഇദ്ദേഹം. ബങ്കറിൽ കുമാറിനൊപ്പം കടുവയും പുലിയുമുണ്ട്. ഇവയേയും കൂട്ടിയല്ലാതെ ഇന്ത്യയിലേക്ക് ഇല്ലെന്നാണ് കുമാർ പറയുന്നത്. യുക്രെയ്‌നിൽ ഡോക്ടറായി ജോലി ആരംഭിച്ചപ്പോൾ ബംഗാൾ കടുവയേയോ ഏഷ്യാറ്റിക് സിംഹത്തേയും വാങ്ങിക്കാൻ കുമാർ ഉദ്ദേശിച്ചിരുന്നു. എന്നാൽ അധികാരികൾ അതിന് അനുമതി നിഷേധിച്ചു.
തുടർന്ന് അപൂർവ്വ ഇനവും വംശനാശ ഭീഷണി നേരിടുന്നതുമായ ഒരു ജാഗ്വാറിനെ വാങ്ങിക്കാൻ തീരുമാനിക്കുകയായിരുന്നു. ജാഗ്വാറിനെ കൈവശം വെയ്‌ക്കാനുള്ള ലൈസൻസും അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. തന്റെ കൈവശമുള്ള കടുവ ലോകത്തിലുള്ളതിൽ തന്നെ ഏറ്റവും അപൂർവ്വ ഇനമാണെന്നും 21 എണ്ണം മാത്രമേ ഇപ്പോൾ ജീവനോടെയുള്ളൂ, അതിലൊന്ന് തന്റെ കൈവശമുള്ളതാണെന്നും കുമാർ പറയുന്നു.
Comments