യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാൻ ഷാർജയിൽ ടാക്സി കൺട്രോൾ സെന്റർ തുറന്നു. തിരക്കേറിയ മേഖലകളിൽ ടാക്സി ലഭ്യത ഉറപ്പാക്കാനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. പ്രധാന കേന്ദ്രങ്ങളിൽ ഇനി മുതൽ രാപ്പകൽ ടാക്സി ലഭ്യമാകും.
വാഹനങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കാനും ഡ്രൈവർമാർക്ക് നിർദേശങ്ങൾ നൽകാനും കഴിയുന്ന സംവിധാനം യാത്രക്കാരുടെ പൂർണ സുരക്ഷയുറപ്പാക്കുന്നതാണ്. രാജ്യാന്തര വിമാനത്താവളം, പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ, ഉല്ലാസമേഖലകൾ എന്നിവിടങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രാപ്പകൽ വാഹനങ്ങൾ ലഭ്യമാക്കും.
ബുക്കിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ സെന്ററിലേക്ക് വിളിച്ചാൽ ഏറ്റവും അടുത്തുള്ള വാഹനം യാത്രക്കാരുടെ അടുത്തെത്തും. ഇന്റേണൽ വെഹിക്കിൾ ഡിവൈസസ് ശൃംഖലയുമായി വാഹനങ്ങളെ ബന്ധിപ്പിച്ചതിനാൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് ഡ്രൈവർമാർക്ക് വിവരം നൽകാനാകും. എമിറേറ്റിലെ 750 ടാക്സികളിൽ കഴിഞ്ഞവർഷം 58.7 ലക്ഷം പേർ യാത്ര ചെയ്തതായാണ് കണക്ക്. ഡ്രൈവറെയും യാത്രക്കാരെയും നിരീക്ഷിക്കാവുന്ന ക്യാമറകളും സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തുന്ന സ്മാർട് സംവിധാനവും വാഹനത്തിലുണ്ട്.
അതേസമയം പൊതുഗതാഗത സേവനങ്ങൾ സ്മാർട്ട് ആക്കിയ റാസൽഖൈമയിൽ, ബുക്ക് ചെയ്ത് മൂന്നരമിനിറ്റിനുള്ളിൽ ടാക്സി അരികിലെത്തും. ബസുകളുടെ സമയവിവരം അറിയാനും ടിക്കറ്റ് എടുക്കാനും ‘റാക് ബസ്’ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. കഴിഞ്ഞവർഷം 7,000 പേരാണ് ഈ സേവനം ഉപയോഗപ്പെടുത്തിത്. പരാതികളും നിയമലംഘനങ്ങളും നിയന്ത്രിക്കാൻ മികച്ച തൊഴിൽ പരിശീലനങ്ങൾ നൽകിയാണ് ഡ്രൈവർമാരെ നിയമിക്കുന്നത്.














Comments