ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി സുരക്ഷാ സേന. നാല് ഭീകരരെ അറസ്റ്റ് ചെയ്തു. ജെയ്ഷെ മുഹമ്മദ് ഭീകരരായ ഉമർ ഫറൂഖ് ദർ, സൊരാജ് മൻസൂർ മാലിക്, ഇർഷാദ് അഹമ്മദ് ലോൺ, അഫ്‌നാൻ ജവീദ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്.
അവന്തിപ്പോരയിൽ നിന്നും ഇന്നലെ അർദ്ധരാത്രിയോടെയാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്. വിശദമായി ചോദ്യം ചെയ്തതിൽ നിന്നും നാല് പേരും ജെയ്ഷെ മുഹമ്മദിൽ ചേർന്ന് പ്രവർത്തിക്കുന്നവരാണെന്ന് വ്യക്തമായി.
രാജ്യത്തിന് പുറത്തു നിന്നും എത്തുന്ന ഭീകരർക്ക് ആയുധങ്ങൾ നൽകുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ഇവർ ചെയ്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഭീകരർക്ക് ഒളിച്ച് താമസിക്കാൻ മേഖലയിൽ സഹായങ്ങൾ ചെയ്യുന്നവും ഇവരാണ്. ഇവരുടെ ഒളിത്താവളത്തിൽ നിന്നും സുരക്ഷാ സേന ആയുധങ്ങളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം വിശദമായി പരിശോധിച്ചുവരികയാണ്.
Comments