വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായ ചിത്രം ‘ഹൃദയ’ത്തിനെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ഭദ്രൻ. പ്രണവ് മോഹൻലാലിന്റെ അഭിനയമികവിനെ കുറിച്ചാണ് ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. സംസാരത്തിലും, ശരീരഭഷയിലും അച്ഛൻ മോഹൻലാലിൽ നിന്നും പകർന്ന് കിട്ടിയത് പ്രണവ് അതുപോലെ സൂക്ഷിച്ചിട്ടുണ്ടെന്ന് ഭദ്രൻ പറയുന്നു.
ഭദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്…
പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകർ വാട്‌സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു, ഒരു അഭിനേതാവിന്റെ നല്ല പെർഫോമൻസിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രൻ സർ എന്തേ ‘ഹൃദയ’ത്തിലെ പ്രണവിനെ മറന്നു പോയി.
സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി.
പൂത്തുലഞ്ഞു നിൽക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, ‘ഹൃദയ’ത്തിലെ പ്രണവ്. എന്ത് ഗ്രേസ്ഫുൾ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു.
ജനുവരി 21ന് തീയറ്ററുകളിൽ എത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും, പ്രണവിന്റെ അഭിനയ മികവിനെയും പുകഴ്‌ത്തി ധാരാളം ആളുകളാണ് രംഗത്തെത്തിയത്. തീയേറ്ററിലും ഒടിടിയിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഒടിടിയിൽ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്.
അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് ഹൃദയം. പ്രണവിന് പുറമെ കല്യാണി പ്രിയദർശൻ, ദർശന തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments