കീവ്: യുക്രെയ്‌നിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ മൃതദേഹം ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഷെല്ലാക്രമണം അവസാനിച്ചാലുടൻ മൃതദേഹം കർണാടകയിലേക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. മൃതദേഹം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. യുക്രെയ്‌നിലെ മോർച്ചറിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
മാർച്ച് ഒന്നിന് രാവിലെയോടെയാണ് ഖാർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. ഖാർകീവിലെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് അപകടം ഉണ്ടായത്. നവീന്റെ കുടുംബത്തിന് സഹായവുമായി കർണാടക സർക്കാർ എത്തിയിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകി. മുഖ്യമന്ത്രി നേരിട്ടെത്തിയാണ് സഹായധനം കൈമാറിയത്.
ഹവേരിയയിലെ കർഷക കുടുംബമാണ് നവീനിന്റേത്. പ്ലസ് ടൂവിന് 97 ശതമാനം മാർക്ക് ലഭിച്ചെങ്കിലും നീറ്റ് പ്രവേശന പരീക്ഷയിൽ ആദ്യ പട്ടികയിൽ ഇടം പിടിക്കാനായില്ല. പിന്നാലെ ഉപരിപഠനത്തിനായി ഖാർകീവ് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു. ഖാർകീവ് നാഷണൽ മെഡിക്കൽ സർവ്വകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു നവീൻ.
Comments