ലണ്ടൻ: റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതി വാതകവും വാങ്ങില്ലെന്ന് യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്‌ട്ര കമ്പനി ഷെൽ. റഷ്യൻ എണ്ണയ്‌ക്കും പ്രകൃതി വാതകത്തിനും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി റഷ്യയിലെ എല്ലാ സർവ്വീസ് സ്റ്റേഷനുകളും കമ്പനി അടച്ചു പൂട്ടി.
റഷ്യയിലെ നിക്ഷേപം ഉപേക്ഷിക്കുന്നതായി കമ്പനി കഴിഞ്ഞ ആഴ്‌ച്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.റഷ്യൻ എണ്ണയുമായി ബന്ധപ്പട്ട എല്ലാ വ്യവസായവും ഉപേക്ഷിക്കാനുള്ള തീരുമാനം യുകെ സർക്കാറിന്റെ പുതിയ മാർഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കമ്പനി അറിയിച്ചു.
യുക്രെയ്ൻ അധിനിവേശം തുടരുന്ന റഷ്യയ്‌ക്ക് മേൽ വലിയ ഉപരോധങ്ങളാണ് പാശ്ചാത്യരാജ്യങ്ങൾ നടത്തുന്നത്. ഇത് കടുപ്പിച്ച് റഷ്യൻ എണ്ണ നിരോധിക്കുന്നത് സംബന്ധിച്ച് ആലോചന നടത്തുന്ന ഘട്ടം വരെയെത്തിയിരുന്നു കാര്യങ്ങൾ. വാഷിംഗ്ടണും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആണ് വെളിപ്പെടുത്തിയത്.
ഇതേ തുടർന്ന് തിങ്കളാഴ്ച എണ്ണ വില 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്കും എത്തിയിരുന്നു.പാശ്ചാത്യ രാജ്യങ്ങൾ നിലപാട് കടുപ്പിച്ചതിന് പിന്നാലെ റഷ്യൻ ഉപപ്രധാനമന്ത്രി മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. എണ്ണ വിതരണത്തിന് നിരോധനമേർപ്പെടുത്തുന്നതുമായി രാജ്യങ്ങൾ മുന്നോട്ട് പോയാൽ ജർമ്മനിയിലേക്കുള്ള പ്രധാനവാതക പൈപ്പ് ലൈൻ അടക്കുമെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയത്.
യൂറോപ്യൻ യൂണിയന് ഉപഭോഗത്തിനുള്ള 40 ശതമാനം ഗ്യാസും 30 ശതമാനം എണ്ണയും റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. യുകെ കാര്യമായി റഷ്യൻ എണ്ണ ഉപയോഗിക്കുന്നില്ലെങ്കിലും ആഗോള വിപണിയിൽ എണ്ണ വില വർദ്ധിക്കുന്നതിന് നിരോധനം കാരണമായി മാറിയേക്കും. റഷ്യ തീരുമാനവുമായി മുന്നോട്ട് പോയാൽ ഏഷ്യൻ രാജ്യങ്ങളിലടക്കം എണ്ണ വില കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ.ലോകത്തെ എറ്റവും വലിയ പ്രകൃതി വാതകത്തിന്റേയും ക്രൂഡ്ഓയിലിന്റേയും ഉൽപ്പാദകരിലൊരാളായ റഷ്യയെ ചൊടിപ്പിക്കുന്നത് വിലകയറ്റത്തിലേക്കാവും ലോകത്തിനെ കൊണ്ട് ചെന്നെത്തിക്കുന്നതെന്ന് സാരം.
















Comments