ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത ഫോണുകളിലും യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്(യുപിഐ) സംവിധാനം ഒരുക്കി ആർബിഐ. നേരത്തെ വിവിധ ആപ്പുകൾ വഴി സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് സാധ്യമായിരുന്ന സേവനം ഇനിമുതൽ ഇന്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ലഭ്യമാകും. യുപിഐ123 പേ എന്നാണ് പുതിയ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്.
ഇന്നലെയാണ് ഈ സേവനം പുറത്തിറക്കിയത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസാണ് ഇന്ത്യയിലെ 40 കോടി ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്ക് ഉപകാരപ്പെടുന്ന ഈ സേവനം പുറത്തിറക്കിയത്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഈ സേവനം ഇതുവഴി ലഭ്യമാകും.
മൂന്ന് ലളിതമായ സ്റ്റെപ്പുകളിലൂടെ യുപിഐ 123 പേ ഉപഭോക്താവിന് ഉപയോഗിക്കാൻ സാധിക്കും. ഇന്ററാക്ടീവ് വോയിസ് റെസ്പോൺസ് സാങ്കേതിക വിദ്യവഴിയാണ് ഇതിൽ ഇടപാടുകൾ നടത്തുന്നത്. ഒപ്പം മിസ്ഡ് കോൾ ബെസ്ഡ് സംവിധാനവും ഇതിൽ ലഭിക്കും.
ഈ സംവിധാനം ഉപയോഗിച്ച് പണം കൈമാറാനും, ബില്ലുകൾ അടക്കാനും, ഫാസ്റ്റ് ടാഗ് റീചാർജ് തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നു. കൂടാതെ, ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും, അക്കൗണ്ട് ലിങ്ക് ചെയ്യാനും, യുപിഐ പിൻചാർജ് മാറ്റാനുമെല്ലാം സാധിക്കും. ഈ സംവിധാനത്തിന് പിന്തുണയുമായി ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറും ആർബിഐ ആരംഭിച്ചിട്ടുണ്ട്. 14431, 1800 891 3333 എന്നീ നമ്പറുകളിൽ ഈ സേവനം ലഭിക്കും.
Comments