കൊച്ചി : ഗൂഗിൾ മാപ്പല്ലാതെ കൃത്യമായൊരു രൂപരേഖപോലുമില്ലാത്ത പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയെന്ന് മെട്രോമാൻ ഇ ശ്രീധരൻ.കേരളത്തിന്റെ അഭിമാനമായി സർക്കാർ അവതരിപ്പിക്കുന്ന കെ റെയിൽ – സിൽവർ ലൈൻ പദ്ധതി പാരിസ്ഥിതിക ദുരന്തമാണെന്നും ഇ ശ്രീധരൻ കുറ്റപ്പെടുത്തി.
സാമുഹിക – പാരിസ്ഥിതികാഘാതങ്ങൾ പഠിക്കാതെയാണ് കേരള സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.അതിവേഗ റെയിൽപ്പാതയുടെ ഒരു പ്രയോജനവും പദ്ധതി കൊണ്ട് ലഭിക്കില്ല. എട്ടടി ഉയരത്തിൽ നാലു കിലോമീറ്ററോളം നീളത്തിൽ മതിൽക്കെട്ടി തിരിച്ചു വേണം റെയിൽ യാഥാർത്ഥ്യമാക്കാൻ. ഒരു കിലോമീറ്ററിൽ മതിൽ കെട്ടാൻ എട്ടു കോടി രൂപ വേണം. മറുഭാഗത്ത് പോകാൻ സബ് വേയും, ഓവർ ബ്രിഡ്ജും വേണം. ഈ നിർമ്മാണ ചിലവുകളൊന്നും ഡി പി ആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒപ്പം നീരൊഴുക്ക് തടസപ്പെടുത്തി പാരിസ്ഥിതിക ദോഷം കൂടിയുണ്ടാക്കും. ഇരുപതിനായിരത്തിലധികം ആളുകളെയെങ്കിലും നേരിട്ട് ദോഷകരമായി ബാധിക്കുന്നതാകും പദ്ധതിയെന്നും ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു .
ബി ജെ പി കൊച്ചിയിൽ സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ടൗൺ ഹാളിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷനിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പരിസ്ഥിതിയെ തകർക്കുകയും, കേരളത്തെ കടക്കെണിയിലാക്കുകയും ചെയ്യുന്ന പദ്ധതിയെ എന്ത് വില കൊടുത്തും എതിർക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കെ റെയിൽ സമരസമിതി ചെയർമാനായി മെട്രോ മാൻ ഇ ശ്രീധരനെ തിരഞ്ഞെടുത്തു. മുൻ ഗവർണറും, മുതിർന്ന ബി ജെ പി നേതാവുമായ കുമ്മനം രാജശേഖരൻ, സാഹിത്യകാരൻ കെ എൽ മോഹന വർമ്മ, ബി ജെ പി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, കെ റെയിൽ സമരസമിതി നേതാക്കളായ കെ ടി തോമസ്, കെ ഗുപ്തൻ എന്നിവർ പങ്കെടുത്തു.
















Comments