കീവ്: ജനവാസ കേന്ദ്രങ്ങളിലടക്കം ശക്തമായ ആക്രമണം അഴിച്ച് വിട്ട് റഷ്യൻ അധിനിവേശം അതിന്റെ പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.ചോരചിന്തുന്ന യുദ്ധ ഭൂമിയിലൂടെ ജീവനും കൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്ന തദ്ദേശീയരും വിദേശികളും, സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറവ് വെയ്‌ക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ആയുധമേന്തിയ സാധാരണക്കാരുമുൾപ്പടെയുള്ള യുക്രെയ്ൻ സൈന്യം. ഏത് വിധേനേയും യുക്രെയ്‌നെ തങ്ങളുടെ കാൽക്കീഴിലാക്കുമെന്ന് ആക്രോശിച്ച് റഷ്യൻ സൈന്യം. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം ക്രൂരതയുടേയും യാതനയുടേയും പര്യായമായി മാറുകയാണ്. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം അഴിച്ച് വിടുന്ന റഷ്യൻ സൈന്യത്തിന്റെ ക്രൂരത കലാസൃഷ്ടികളിലേക്കും വഴിമാറിയിരിക്കുകയാണെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
പ്രമുഖ നാടോടി ചിത്രകാരിയായ മരിയപ്രിമാചെങ്കോയുടെ കലാസൃഷ്ടികളെല്ലാം റഷ്യൻ ക്രൂരത കാരണം അഗ്നിക്കിരയായെന്നാണ് യുക്രെയ്ൻ ജനത ആരോപിക്കുന്നത്. കീവിൽ അവരുടെ കലാസൃഷ്ടികൾ സൂക്ഷിച്ച മ്യൂസിയം റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ തകർന്നിരിക്കുകയാണ്.
അമൂല്യമായ ഒട്ടനവധി ചിത്രങ്ങളാണ് കീവിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നത് ഇതാണ് നാമാവശേഷമായിരിക്കുന്നത്.മരിയയുടെ ചില പെയിന്റിങ്ങുകൾ ഒരാൾ സംരക്ഷിച്ചുവെന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. എന്നിരുന്നാലും മരിയയുടെ ഏറെ പ്രധാനപ്പെട്ട പല സൃഷ്ടികളും അഗ്നിക്കിരയായെന്നാണ് വിവരം.
മരിയയുടെ സൃഷ്ടികളിൽ തന്നെ ഏറെ ആരാധകരുള്ള ഒരു ചിത്രം ഇപ്പോൾ സമാധാനത്തിന്റെ ആഗോള പ്രതീകമായി മാറിയിരിക്കുകയാണ്. ചിറകുകൾ വിടർത്തിയ പ്രാവിന്റെ ചിത്രമാണ് യുക്രെയ്ൻ ജനത തങ്ങളുടെ പ്രതീക്ഷയുടെ പ്രതീകമായി മാറ്റിയിരിക്കുന്നത്. യുക്രെയ്‌ന്റെ ഈ ആഹ്വാനം ലോകത്തുടനീളമുള്ള ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
മരിയയുടെ ചിറകു വിടർത്തിയ പ്രാവിന്റെ പടുകൂറ്റൻ ചിത്രങ്ങൾ പ്രദർശിപ്പിച്ച് യുദ്ധത്തിനെതിരെയുള്ള പ്രതിഷേധപരിപാടികളും ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്. ഇന്നലെ സാൻഫ്രാൻസിസ്‌കോയിൽ നടന്ന ഒരു പ്രതിഷധ പരിപാടിയിൽ മരിയയുടെ ചിത്രം 100 ലധികം കലാകാരന്മാർ പുനസൃഷ്ടിക്കുകയുണ്ടായിരുന്നു. നിറഞ്ഞ കൈയ്യടികളോടയാണ് ജനങ്ങൾ തങ്ങളുടെ പ്രതീക്ഷയുടെ പ്രതീകത്തെ വരവേറ്റത്.
യുക്രെയ്ൻകാർ ഏറെ ആരാധിക്കുന്ന കലാകാരിയാണ് മരിയ പ്രിമാചെങ്കോ.സ്വന്തമായി വളർത്തിയെടുത്ത ശൈലികൊണ്ട് അവർ വളരെപ്പെട്ടെന്നാണ് ലോകശ്രദ്ധ നേടിയെടുത്തത്. ഒരിക്കൽ മരിയയുടെ ചിത്രം കാണാനായ പിക്കാസോ പറഞ്ഞത് ഈ മിടുക്കനായ യുക്രെയ്ൻ കാലാകാരിയുടെ ചിത്രങ്ങൾക്ക് മുൻപിൽ ഞാൻ നമിക്കുന്നു എന്നാണ്.
















Comments