മുംബൈ ; ചില പ്രത്യയശാസ്ത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകളെ പ്രതികൂലമായി സ്വാധീനിക്കുന്നുവെന്ന് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്നിഹോത്രി. കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ കാട്ടുന്ന ‘ദി കശ്മീർ ഫയൽസ്’ മാർച്ച് 11 ന് തിയേറ്ററുകളിൽ എത്തും. ജമ്മുവിലും ഡൽഹിയിലും ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയത് പ്രേക്ഷകരെ വികാരഭരിതരാക്കി. കശ്മീരി ഹിന്ദുക്കൾക്ക് ഒരിക്കൽ നേരിടേണ്ടി വന്ന വേദന സമൂഹത്തിന് ആഴത്തിൽ അനുഭവപ്പെട്ടു.
ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിവേക് അഗ്നിഹോത്രി, സിനിമ നിർമ്മിക്കുന്ന സമയത്ത് തന്റെ ടീം നേരിട്ട വെല്ലുവിളികളെക്കുറിച്ചും സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് നേരിട്ട പ്രതിസന്ധികളെ കുറിച്ചും തുറന്ന് സംസാരിച്ചു. ചില പ്രത്യയശാസ്ത്രങ്ങളുടെ നിയന്ത്രിത ചട്ടക്കൂടിനുള്ളിലാണ് മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒടിടിയിൽ സിനിമ റിലീസ് ചെയ്യാൻ ഒരു പ്ലാറ്റ്ഫോം തന്നെ സമീപിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒടിടി കമ്പനികളുടെ തലവൻ വളരെ നല്ലൊരു വിലയ്‌ക്ക് ചിത്രം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചു. താൻ ഒരു സാധാരണ വാണിജ്യ ചിന്താഗതിയുള്ള ചലച്ചിത്ര നിർമ്മാതാവാണെങ്കിൽ, അവിടെ തന്നെ കരാർ ഒപ്പിടുമായിരുന്നു. എന്നാൽ ഒടിടി മേധാവിയുടെ ചില ചോദ്യങ്ങൾ മറ്റൊരു തരത്തിലായിരുന്നു . സിനിമയിൽ പറയുന്ന തീവ്രവാദത്തിന് എന്തെങ്കിലും പ്രത്യേക വിശേഷണം ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആ മേധാവി തുറന്ന് ചോദിച്ചപ്പോൾ താൻ ഞെട്ടിയെന്നും വിവേക് അഗ്നിഹോത്രി പറയുന്നു . “ഞങ്ങളുടെ ഒരു സിനിമയിലും ‘ഇസ്ലാമിക ഭീകരത’ എന്ന പദം ഉപയോഗിക്കുന്നില്ലെന്ന് ഞങ്ങൾക്ക് ആഗോള നയമുണ്ട്. നിങ്ങളും അത് ഉപയോഗിക്കുന്നില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. “ ഒടിടി മേധാവി വാക്കുകൾ ഇങ്ങനെ ആയിരുന്നു.
എന്നാൽ “ഇതെങ്ങനെ സാധ്യമാകും? ഇസ്‌ലാം സ്വീകരിക്കുക, താഴ്‌വര വിടുക അല്ലെങ്കിൽ മരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ കശ്മീരിൽ ഉയരുമ്പോൾ അത് ഇസ്ലാമിക ഭീകരത മാത്രമായിരുന്നുവെന്ന് വിവേക് മറുപടി നൽകി . രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് താഴ്‌വര വിട്ടുപോകാൻ പ്രേരിപ്പിക്കുന്നത് മാത്രമായിരുന്നില്ല അത്. ദീപാവലി പോലൊരു ഉത്സവം ആഘോഷിക്കാൻ പോലുമായില്ല .
ഇസ്‌ലാമിക ഭീകരത’ ഉപയോഗിക്കാതെ ഈ സിനിമ നിർമ്മിക്കുന്നത് നാസികളെയും ജർമ്മനിയെയും ഹിറ്റ്‌ലറെയും പരാമർശിക്കാതെ ജൂത വംശഹത്യയെക്കുറിച്ച് സിനിമയെടുക്കുന്നതിന് തുല്യമാകുമെന്ന് ഒടിടി പ്ലാറ്റ്‌ഫോം മേധാവിയോട് പറഞ്ഞതായി വിവേക് പറയുന്നു. മുസ്ലീങ്ങളും കൊല്ലപ്പെട്ടുവെന്നാണ് ഇതിനു മറുപടിയായി ഒടിടി കമ്പനിയുടെ മേധാവി തന്നോട് പറഞ്ഞത് . പിന്നെ ഹിന്ദു തീവ്രവാദം എന്ന വാക്കും ഉപയോഗിക്കണം. മുസ്ലീങ്ങളെ കൊന്നത് ഹിന്ദു തീവ്രവാദികളല്ലെന്നും വിവേക് മറുപടി നൽകി .
അനുപമ ചോപ്രയെപ്പോലുള്ള ചലച്ചിത്ര നിരൂപകർ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് അത് ഡീഗ്രേഡിംഗ് ചെയ്യുന്നതായി തോന്നുവെന്നും അദ്ദേഹം പറയുന്നു . ചില ആളുകൾ ഇതിന്റെ റിലീസ് നിർത്തിവയ്‌ക്കാൻ ആഗ്രഹിക്കുന്നതിനാൽ സിനിമ നിയമപരമായ പ്രശ്‌നങ്ങളിലും അകപ്പെട്ടിട്ടുണ്ട്.സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ ഒറ്റപ്പെടലിനുമപ്പുറം തന്റെ പ്രേക്ഷകരിൽ വിശ്വാസമുള്ളതുകൊണ്ടാണ് താൻ കാശ്മീർ ഫയൽസ് നിർമ്മിച്ചതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
















Comments