കൊച്ചി: മലയാളിതാരം ശ്രീശാന്ത് ക്രിക്കറ്റിൽ നിന്ന വിരമിച്ചു. എതെല്ലാം ഫോർമാറ്റിൽ നിന്നും വിരമിച്ചതെന്നതിൽ വ്യക്തതയില്ല.സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പുതുതലമുറയ്ക്കായി വഴിമാറുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു.
മലയാളിയെന്ന നിലയിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വികാരനിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതന്ന് അദ്ദേഹം പറഞ്ഞു. കരിയറിലുടനീളം പിന്തുണ നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഇന്ത്യയുടെ രണ്ട് ലോകകപ്പ് ക്രിക്കറ്റ് നേട്ടങ്ങളിൽ പങ്കാളിയായ ഏക മലയാളിതാരമാണ് വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ ശ്രീശാന്ത്.27 ടെസ്റ്റിൽ 87 വിക്കറ്റും ഏകദിനത്തിൽ 75 വിക്കറ്റും നേടിയ മലയാളികളുടെ സ്വന്തം ശ്രീ ഏകദിന ലോകകപ്പും ടി-20 ലോകകപ്പും വിജയിച്ച ടീമുകളിൽ അംഗമായ ലോകത്തെ ഒരേയൊരു ഫാസ്റ്റ്/മീഡിയം പേസ് ബൗളറാണ്.
2013ൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതിനിടെ വാതുവയ്പ്പ് വിവാദത്തിൽപ്പെട്ട ശ്രീശാന്ത് ബിസിസിഐയുടെ വിലക്ക് നേരിട്ടിരുന്നു. വാതുവയ്പ്പിൽ ഉൾപ്പെട്ടതോടെയാണ് മകോക്ക ചുമത്തപ്പെട്ട് 27 ദിവസം ജയിലിൽ കഴിയേണ്ടിവന്നതും.
വർഷങ്ങൾ നീണ്ട നിയമ യുദ്ധത്തിനുശേഷം 2019ൽ ശ്രീശാന്ത് നിരപരാധിയെന്ന് തെളിയിക്കപ്പെട്ടു. സുപ്രീംകോടതിയുടെ അനുകൂല വിധിയോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിപ്പിക്കാൻ ബിസിസിഐ നിർബന്ധിതമായി.കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) പിന്തുണ ലഭിച്ചതോടെ 2020ൽ കേരള ടീമിൽ ഉൾപ്പെട്ടു.
Comments