കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി ആയിരക്കണക്കിനാളുകളാണ് കൊലചെയ്യപ്പെട്ടത്. യുഎന്റെ കണക്കനുസരിച്ച് സംഘർഷ മേഖലകളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു, ഇത് നിലവിലെ സാഹചര്യത്തെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ മാനുഷിക ദുരന്തമാക്കി മാറ്റുന്നുവെന്നാണ് വിലയിരുത്തുന്നത്.
അതെ സമയം യുദ്ധത്തോടനുബന്ധിച്ച് യുക്രെയ്ൻ നഗരത്തിൽ നിന്ന് മൂന്നു മനുഷ്യഇടനാഴികൾ വഴി 35,000 പൗരന്മാരെ ഇന്നലെ ഒഴിപ്പിച്ചു. മരിയു പോളിൽ നടന്ന റഷ്യൻ ആക്രമണത്തിൽ കുട്ടികളുടെ ആശുപത്രി തകർത്തു. 17 ജീവനക്കാർക്ക് പരിക്കേറ്റു. മാരിയുപോളിലെ ഒരാഴ്ചയിലേറെ നീണ്ട ഉപരോധത്തിൽ ഏകദേശം 1,200 പൗരന്മാർ കൊല്ലപ്പെട്ടതായി മേയർ പറഞ്ഞു.
ഇതിനിടെ യുക്രെയ്‌നിൽ രാസ- ജൈവ ആയുധങ്ങൾ വിന്യസിക്കാൻ റഷ്യ ശ്രമിച്ചേക്കാമെന്ന് ബിഡൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. യുക്രെയ്‌ന്റെ തകരുന്ന സാമ്പത്തിക പ്രശ്‌നം പരിഹരിക്കുന്നതിന് അന്താരാഷ്‌ട്ര നാണയ നിധി 1.4 ബില്യൺ ഡോളറിന്റെ അടിയന്തര പാക്കേജ് കീവിന് നൽകും. ഇന്ത്യയുടെ സഹായത്താൽ യുക്രെയ്‌നിൽ നിന്ന് പോളണ്ടിൽ എത്തിയ സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുക്രെയ്‌നും നന്ദി അറിയിച്ചു. റഷ്യയുടെ ആക്രമണത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ രാജ്യത്തെ സഹായിക്കുന്നതിന് യുക്രെയ്നിന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യുകെ സർക്കാർ പറഞ്ഞു.
ചെർണോബിൽ ആണവ നിലയത്തിലേക്കുള്ള വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന് റഷ്യ ഉടൻ ഒരു താൽക്കാലിക വെടിനിർത്തൽ പാലിക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ആവശ്യപ്പെട്ടു. വൈദ്യുതി തടസ്സം തുടർന്നാൽ റേഡിയേഷൻ ഡിസ്ചാർജ് ചെയ്യപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Comments