ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വിട്ട് എസ്പിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യയ്‌ക്ക് കനത്ത തിരിച്ചടി. യുപിയിലെ ഫസില്‍നഗര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരത്തിനിറങ്ങിയത്. ബിജെപിയുടെ സുരേന്ദ്ര കുമാര്‍ കുശ്വാഹയാണ് ഇവിടെ മുന്നില്‍. 10,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗംഗാ സിങ് കുശ്വാഹയുടെ മകനാണ് സുരേന്ദ്രകുമാര്‍. 2012ലും 2017ലും ഗംഗാ സിങ് കുശ്വാഹയാണ് ഫസില്‍പൂരില്‍ നിന്ന് വിജയിച്ചത്.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഒബിസി നേതാവായ സ്വാമി പ്രസാദ് മൗര്യ ബിജെപി വിട്ട് എസ്പിയുടെ ഭാഗമായത്. ഇതിന് പിന്നാലെ 13ഓളം എംഎല്‍എമാര്‍ ബിജെപി വിട്ടെങ്കിലും അതൊന്നും പാര്‍ട്ടിയെ ബാധിച്ചില്ല. നിലവില്‍ യുപിയില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. 267 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം മത്സരിച്ച എല്ലാ മന്ത്രിമാരും അവരവരുടെ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.
Comments