ചണ്ഡിഗഢ്: പഞ്ചാബിൽ പാർട്ടിക്ക് പരാജയം മണത്തതോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് മുങ്ങി കോൺഗ്രസ് സ്ഥാനാർത്ഥികൾ. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും തോൽവിയുടെ ആഘാതം കൂടി വരുന്നത് മനസിലാക്കിയാണ് സ്ഥാനാർത്ഥികൾ മുങ്ങിയത്. കോൺഗ്രസിന് പഞ്ചാബിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.
പാട്യാല, ബർണാല, സംഗ്രൂർ തുടങ്ങിയിടങ്ങളിൽ ഓരോ റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും കോൺഗ്രസ് സ്ഥാനാർത്ഥികൾ പിന്നിലാകുകയായിരുന്നു. കോൺഗ്രസിന് വിജയം അരക്കിട്ടുറപ്പിച്ച മണ്ഡലങ്ങളിൽ പോലും ലഭിച്ച വോട്ടുകളുടെ എണ്ണം ദയനീയമായിരുന്നു. പാർട്ടിയുടെ മുഖ്യമന്ത്രി ചരൺജീത്ത് സിംഗ് ഛന്നി പോലും പരാജയത്തിലേക്ക് നീങ്ങുന്നുവെന്ന ആദ്യറിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വീടുകളിലേക്കും പാർട്ടി ഓഫീസുകളിലേക്കും മടങ്ങിയത്.
പഞ്ചാബിലെ തോൽവി കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാണ് നൽകുക. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ജനവികാരം മനസിലാക്കാതെ നടത്തിയ ഭരണമാറ്റത്തിനും അമരീന്ദർ സിംഗിനെപ്പോലുളള കരുത്തനായ നേതാവിനെ കൈവിട്ടതിനും കോൺഗ്രസിന് നൽകേണ്ടി വന്നത് വലിയ വിലയാണ്. മന്ത്രിമാർ ഉൾപ്പെടെ കൂട്ടത്തോടെ പരാജയപ്പെടുന്ന കാഴ്ച കോൺഗ്രസിന്റെ ദയനീയ സ്ഥിതിയാണ് പുറത്തുകൊണ്ടുവരുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
വോട്ടെണ്ണൽ പുരോഗമിക്കവേ ആം ആദ്മി പാർട്ടിക്ക് 90 സീറ്റുകളോളം ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. കോൺഗ്രസ് ഏകദേശം 15 സീറ്റുകളിലേക്ക് ഒതുങ്ങും. മത്സരിച്ച 80 ശതമാനം കോൺഗ്രസ് മന്ത്രിമാരും സിറ്റിങ് എംഎൽഎമാരും പരാജയത്തിലേക്കാണ് നീങ്ങുന്നത്.
















Comments