ചണ്ഡീഗഢ്: ഹാസ്യനടനിൽ നിന്ന് രാഷ്‌ട്രീയത്തിലേക്ക്. അവിടെ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചുവടുവച്ച ഐപി നേതാവ് ഭഗവന്ത്മാൻ രാഷ്‌ട്രീയത്തിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ.് പഞ്ചാബിൽ ആംആദ്മി സർക്കാർ അധികാരത്തിലെത്തുമെന്ന് ഉറപ്പായോടെ ഗ്രാഫ് ഉയരുന്നത് ഭഗവന്ത്മാന്റെതാണ്. പഞ്ചാബിൽ കോൺഗ്രസിനെ തറപറ്റിച്ചാണ് എഎപി അധികാരത്തിലെത്തുന്നത്. ഭഗവന്ത്മാനെ മുന്നിൽ നിർത്തി നടത്തിയ പോരാട്ടം അന്തിമവിജയം നേടിയതോടെ എഎപിയുടെ സൂപ്പർമാൻ ആയിരിക്കുകയാണ് ഭഗവന്ത്മാൻ.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംഗ്രൂരിലെ ധുരി മണ്ഡലത്തിൽ നിന്നാണ് ഭഗവന്ത് മാൻ ജയിച്ചത്. പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ അദ്ദേഹത്തെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ജുഗ്‌നു എന്നപേരിൽ ഹാസ്യതാരമായി അറിയപ്പെടുന്ന മാൻ പഞ്ചാബി കോമഡി ഷോ ജുഗ്‌നു കെഹന്ദ ഹേ, ജുഗ്‌നു ഹാസിർ ഹേ എന്നിവയിലൂടെ ജനപ്രിയതാരമായി. ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന ടെലിവിഷൻ കോമഡി ഷോയിലും അദ്ദേഹം പങ്കെടുത്തു. രാഷ്‌ട്രീയ ആക്ഷേപഹാസ്യങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ കുൽഫി ഗർമ്മ ഗരം പോലുള്ള ഓഡിയോ കാസറ്റുകൾ അനുവാചകരെ രസിപ്പിച്ചു.
2014ൽ കെജ്രിവാളിന്റെ സംഘടനയിൽ ചേർന്ന പഞ്ചാബിലെ ആദ്യത്തെ പ്രമുഖരിൽ ഒരാളായിരുന്നു മാൻ, സംഗ്രൂർ പാർലമെന്റ് സീറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ച മാൻ വിവാദങ്ങളുടെ തോഴനായിരുന്നു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം മിക്കപ്പോഴും വിവാദങ്ങളിൽ മുങ്ങി. 2016-ൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ ചെയ്ത ലൈവ് സ്ട്രീം വിവാദമായി. രാഷ്‌ട്രീയ എതിരാളികൾ അദ്ദേഹത്തെ മദ്യപാനിയായി ചിത്രീകരിച്ചതോടെ പാർട്ടിക്ക് നാണക്കേട് ഉണ്ടാകാതിരിക്കാൻ മദ്യപാനം ഉപേക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഭഗവന്തിന്റെ നേതൃത്വത്തിൽ എഎപി 70 മുതൽ 90 വരെ സീറ്റുകൾ നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിപ്പിച്ച കോൺഗ്രസും ശിരോമണി അകാലിദൾ-ബഹുജൻ സമാജ് പാർട്ടി സഖ്യവും ബിജെപിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയും ആം ആദ്മി പാർട്ടിയും എല്ലാം ചേർന്ന് കനത്തമത്സരമാണ് പഞ്ചാബിൽ നടത്തിയത്.
Comments