വയനാട്: മാനന്തവാടി കല്ലിയോട്ടെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ നീക്കവുമായി വനംവകുപ്പ്. കടുവയെ മയക്കുവെടിവെച്ച് കീഴ്‌പ്പെടുത്താൻ നടപടി ആരംഭിച്ചു.
നോർത്ത് വയനാട് ഡിഎഫ്ഒ ദർശൻ ഘട്ടാനിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് മയക്കുവെടി പ്രയോഗിക്കാൻ എത്തിയിട്ടുള്ളത്.
കല്ലിയോട്ട് പള്ളിക്ക് സമീപത്തെ തേയില തോട്ടത്തിൽ ബുധനാഴ്ചയാണ് കടുവയെ കണ്ടത്. തേയില തോട്ടത്തിന് ചേർന്ന സ്വകാര്യ ഭൂമിയിലെ ചതുപ്പ് പ്രദേശത്താണ് ഇപ്പോൾ കടുവയുള്ളതെന്നാണ് സൂചന.
അതേസമയം കടുവ സാന്നിധ്യമുള്ളതിനാൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments