തിരുവനന്തപുരം: യുപി മോഡൽ ഭരണത്തെയും യോഗി സർക്കാരിനെയും വിമർശിച്ച പിണറായി വിജയനും സിപിഎമ്മിനും മറുപടിയുമായി കെ. സുരേന്ദ്രൻ. പിണറായി വിജയൻ യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്തമായ പ്രചരണങ്ങളെല്ലാം അസ്ഥാനത്തായി എന്നതാണ് ഫലം കാണിക്കുന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
കേരള മോഡലിന് അനുകൂലമായി വോട്ട് ചെയ്യണമെന്നായിരുന്നു പിണറായിയുടെ അഭ്യർത്ഥന. എന്നാൽ യുപി മോഡൽ തന്നെയാണ് കേരളത്തിനും അഭികാമ്യമെന്ന് ഈ ഫലത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. ആതുരശുശ്രൂഷയിലും ക്രമസമാധാന നിലയിലും യുപിയെ മാതൃകയാക്കാൻ പിണറായി തയ്യാറാകണം.
എങ്ങനെയാണ് യോഗി സർക്കാർ ക്രമസമാധാന നില ഭദ്രമായി കാത്തുസൂക്ഷിക്കുന്നത് എന്നതിന്റെ അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. പ്രത്യേകിച്ച് സ്ത്രീപിഡനങ്ങൾക്കും മാഫിയ ഗുണ്ടാ ആക്രമണങ്ങൾക്കുമെതിരെ യോഗി സർക്കാർ സ്വീകരിക്കുന്ന നടപടികൾ പിണറായിയും മാതൃകയാക്കണം. ഇവിടെയും സ്ത്രീപീഡനങ്ങൾ വർദ്ധിക്കുകയാണ്. ഗുണ്ടാ മാഫിയ ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടക്കുന്നത്. യുപിയിലെയും കേരളത്തിലെയും ഭരണത്തെ താരതമ്യം ചെയ്ത് ഇവിടുത്തെ സിപിഎം നേതൃത്വവും പിണറായി വിജയനും നടത്തിയ പ്രചാരണങ്ങളെല്ലാം തെറ്റായിരുന്നുവെന്നതാണ് ഈ ഫലം കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇനിയെങ്കിലും യോഗി ആദിത്യനാഥിനും ബിജെപി സർക്കാരിനും എതിരായി നടത്തുന്ന നുണപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ ദയവായി തയ്യാറാകണമെന്നാണ് പിണറായിയോട് അഭ്യർത്ഥിക്കാനുളളതെന്നും സുരേന്ദ്രൻ പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങൾ മുഴുവൻ ബിജെപി സർക്കാരിനെയും അവരുടെ ജനകീയ പ്രവർത്തനങ്ങളെയും അംഗീകരിക്കുന്നുവെന്നാണ് ഈ ഫലത്തിലൂടെ വ്യക്തമാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മണിപ്പൂരിലും ഗോവയിലും ബിജെപി നേടിയ വിജയത്തിന്റെ സ്വാഭാവിക പ്രതികരണം കേരളത്തിലും ഉണ്ടാകും. മതന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ ബിജെപി നേടിയ സ്വാധീനം കേരളത്തിലും മാറിചിന്തിക്കാനുളള നല്ല അവസരമാണ് ഇതിലൂടെ വരുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വോട്ടെടുപ്പിന് തൊട്ടുമുൻപ് ജനങ്ങൾ ശ്രദ്ധിച്ചുവോട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ കേരളത്തിലും ബംഗാളിലും സംഭവിച്ചത് യുപിയിലും ആവർത്തിക്കുമെന്നും യോഗി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനും സിപിഎം നേതൃത്വവും യോഗിക്കെതിരെ രംഗത്ത് വന്നത്.
Comments