കൽപറ്റ: യുപിയിൽ യോഗി ആദിത്യനാഥിന്റെ തുടർവിജയം ഇന്നലേ പ്രവചിച്ച് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. വയനാട് സന്ദർശനത്തിനിടെ മാദ്ധ്യമപ്രവർത്തകർ ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
“യുപി ഇലക്ഷനൊക്കെ നിങ്ങൾ നാളെ അറിയുമല്ലോ അന്നേരം ഇങ്ങോട്ട് വാ ലഡ്ഡുവുമായി വാ” ഇങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ഡയലോഗ് സമൂഹമാദ്ധ്യമങ്ങൾ ഇന്നലെ തന്നെ ഏറ്റെടുത്തിരുന്നു. പ്രവചനം യാഥാർത്ഥ്യമായതോടെ വീണ്ടും ഈ വീഡിയോ തരംഗമാവുകയാണ്. സുരേഷ് ഗോപിക്ക് ഒപ്പമുളള ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉൾപ്പെടെ 30 സെക്കൻഡുകളുളള വീഡിയോ പങ്കുവെച്ചു.
യോഗിയുടെ വിജയം ആഘോഷിക്കാൻ വൈകിട്ട് 5.30 ന് രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ
ബത്തേരി ടൗണിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യൻ ജനത വീണ്ടും ബിജെപിയെ തെരഞ്ഞെടുത്തിരിക്കുന്നുവെന്ന മഹാവിളംബരമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് ഇന്ന് ഫലം അറിഞ്ഞ ശേഷം ജനംടിവിയോട് സുരേഷ് ഗോപി പറഞ്ഞു. യോഗി ആദിത്യനാഥ് സർക്കാരുമായി ചേർന്ന് മോദി സർക്കാർ യുപിയിൽ ഇതിന് മുൻപെങ്ങും കണ്ടിട്ടില്ലാത്ത വികസനമാണ് നടത്തിയത്. ബിജെപിയെ ഓർത്ത് ഞാൻ ഒരുപാട് സന്തോഷിക്കുന്നു. നാല് സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിക്കുന്ന ഫലം, ഒരു സംസ്ഥാനം ഭാവിയിൽ ഉറപ്പാകുന്നതിന്റെ ലക്ഷണം. കോൺഗ്രസ് മുക്ത ഭാരതം എന്ന സങ്കൽപത്തെ യാഥാർത്ഥ്യമാക്കി പഞ്ചാബിൽ കോൺഗ്രസ് തൂത്തെറിയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈകുന്നേരം 5.30ന് ബത്തേരി ടൗണിൽ , രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ .. സുരേഷ് ഗോപി എംപി നയിക്കുന്ന ആഹ്ളാദ പ്രകടനം .
Posted by Sandeep.G.Varier on Thursday, March 10, 2022
മൂന്ന് ദിവസത്തെ സന്ദർശനമാണ് വയനാട്ടിൽ സുരേഷ് ഗോപി നടത്തുന്നത്. ആറോളം ആദിവാസി കോളനികൾ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇവർക്ക് നൽകിയ വാഗ്ദാനങ്ങളിൽ എന്തൊക്കെ പാലിക്കപ്പെട്ടിട്ടില്ലെന്നത് ഇതിൽ ഉൾപ്പെടുത്തും. നിലമ്പൂർ നഞ്ചങ്കോട് റെയിൽപാത ഉറപ്പുനൽകുന്നതായും സുരേഷ് ഗോപി പറഞ്ഞിരുന്നു.
















Comments