ലക്‌നൗ:സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബിജെപിയിൽ നിന്നും രാജിവെച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്ന് മത്സരിച്ച നേതാക്കൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി വോട്ടർമാർ. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി ബിജെപി വിട്ട് എസ്പിയിൽ ചേക്കേറിയ എല്ലാ നേതാക്കളും പരാജയം രുചിച്ചു. അവസരവാദികളെ ജനം അറിഞ്ഞ് ശിക്ഷിച്ചു.
ഫാസിൽനഗർ മണ്ഡലത്തിൽ നിന്ന് സമാജ് വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച സ്വാമിപ്രസാദ് മൗര്യയാണ് പരാജയം രുചിച്ചവരിൽ പ്രമുഖൻ. 30,000 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി സുരേന്ദ്ര കുമാർ കുശ്വാഹയോടാണ് സ്വാമി പ്രസാദ് മൗര്യ പരാജയപ്പെട്ടത്. യോഗി സർക്കാറിൽ കാബിനറ്റ് മന്ത്രിയായിരുന്ന മൗര്യ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബിജെപി നേതൃത്വവുമായി കലഹിച്ച് പാർട്ടിവിടുകയായിരുന്നു.
യാദവ – ഇതര പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവായ മൗര്യ എസ്പിയിൽ ചേരുകയും ഫാസിൽനഗറിൽനിന്നുള്ള സ്ഥാനാർത്ഥിയാവുകയും ചെയ്തു. എസ്പി ടിക്കറ്റിൽ മത്സരിച്ച റോഷൻ ലാൽ വർമ്മ(തിൽഹാർ), ബ്രജേഷ് കുമാർ പ്രജാപതി (തിണ്ട്വാരി), ഭഗ്വതി പ്രസാദ്(ഖട്ടംപൂർ) എന്നിവരും പരാജയപ്പെട്ടു. ഇവരും ബിജെപി വിട്ട് എസ്പിയിൽ ചേർന്നവരാണ്.
Comments