യുക്രെയ്ന്‍ യുദ്ധം: റഷ്യ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചന നല്‍കി കീവിനു സമീപം കനത്ത റഷ്യന്‍ പട

Published by
Janam Web Desk

കീവ്: യുക്രെയ്നിന്റെ തലസ്ഥാനമായ കീവിനു സമീപം റഷ്യയുടെ ശക്തമായ സൈനിക വ്യൂഹം. ഒരു യുഎസ് സ്ഥാപനം എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളിലാണ് സൈനിക വ്യൂഹത്തിന്റെ സാന്നിധ്യം വ്യക്തമാകുന്നത്. കീവിന് വടക്ക്-പടിഞ്ഞാറുള്ള അന്റോനോവ് എയര്‍പോര്‍ട്ടിന് സമീപമാണ് വാഹനവ്യൂഹം അവസാനമായി കണ്ടത്. കീവ് ലക്ഷ്യമാക്കിയാണ് വാഹനവ്യൂഹം നീങ്ങുന്നത്.

റഷ്യന്‍ സൈന്യം യുക്രെയ്‌ന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് റഷ്യ സൈനികരെ പുനര്‍വിന്യസിച്ചതെന്നാണ് കരുതുന്നത്. മധ്യ-കിഴക്കന്‍ യുക്രെയ്‌നിലെ പ്രധാന ശക്തികേന്ദ്രമായ ഡിനിപ്രോയില്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഷൂ ഫാക്ടറി, ഒരു അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്ക്, ഒരു കിന്റര്‍ഗാര്‍ട്ടന്‍ എന്നിവിടങ്ങളില്‍ വ്യോമാക്രമണങ്ങള്‍ നടന്നു. റോക്കറ്റ് ഫാക്ടറി ഉള്‍പ്പെടെ കനത്ത വ്യവസായങ്ങള്‍ നിറഞ്ഞ മേഖലയിലാണ് ആക്രമണം നടന്നത്.

കനത്ത ജാഗ്രതയിലാണ് ഈ മേഖല. സൈറണുകള്‍ മുഴങ്ങുമ്പോള്‍ ഭൂഗര്‍ഭ ഷെല്‍ട്ടറുകളിലേക്ക് ജനങ്ങള്‍ സ്വയം മാറിത്താമസിച്ചു. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് ആളുകള്‍ പലായനം തുടങ്ങി. റയില്‍വേ സ്റ്റേഷനില്‍ പലായനം ചെയ്യുന്നവരുടെ നീണ്ട നിര കാണാം.
ലുട്‌സ്‌കിലെ ഷെല്ലാക്രമണം കാരണം രണ്ട് സെന്‍ട്രല്‍ ഹീറ്റിംഗ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. യു്‌ക്രെയ്ന്‍ നഗരമായ വോള്‍നോവാഖ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദ ശക്തികള്‍ പിടിച്ചെടുത്തതായി റഷ്യന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.അതെ സമയം യുക്രെയ്‌നില്‍ രാസായുധങ്ങളോ വിനാശകരമായ ആയുധങ്ങളോ വികസിപ്പിച്ചുവെന്ന റഷ്യയുടെ അവകാശവാദം പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി തള്ളി. കൂടാതെ യുക്രെയ്നെതിരെ ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ ശക്തമായിത്തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

യുക്രെയ്നില്‍ ജൈവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ച യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വെളളിയാഴ്ച വിളിച്ചുചേര്‍ക്കാന്‍ റഷ്യ അഭ്യര്‍ത്ഥിച്ചു.

 

 

 

Share
Leave a Comment