മോസ്‌കോ: യുക്രെയ്‌നിൽ പോരാടാൻ വിദേശ സന്നദ്ധപ്രവർത്തകരെ സ്വാഗതം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ പിന്തുണയുള്ള സേനയുമായി പോരാട്ടത്തിന് സന്നദ്ധരാകാൻ ആഗ്രഹിക്കുന്നവരെ തേടുകയാണെന്ന് കൗൺസിൽ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ 16,000 സന്നദ്ധപ്രവർത്തകർ റഷ്യൻസേനയ്‌ക്കൊപ്പം പോരാടാൻ തയ്യാറാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു പറഞ്ഞു. ഇക്കൂട്ടത്തിൽ സിറിയയിൽ നിന്നുള്ള വരും ഉൾപ്പെട്ടതായി അദ്ദേഹം പറഞ്ഞു. റഷ്യ അടുത്തിടെ സിറിയയിൽ നിന്ന് പോരാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപണമുന്നയിച്ചിരുന്നു. ഇപ്പോൾ റഷ്യതന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.
അവരുടെ യുദ്ധവൈദഗ്‌ദ്ധ്യം യുക്രെയ്ൻ സർക്കാരിന് വിനാശകരമായ പ്രഹരം നൽകാനും സഹായിക്കുമെന്നാണ് റഷ്യയുടെ പ്രതീക്ഷ. മോസ്‌കോ സിറിയയുടെ ദീർഘകാല സഖ്യകക്ഷിയാണ്. രാജ്യത്തെ ആഭ്യന്തരയുദ്ധത്തിൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ-അസാദിനെ പുടിൻ പിന്തുണച്ചിരുന്നു. അതെ സമയം യുക്രെയ്ൻ പ്രതിരോധത്തിൽ റഷ്യയ്‌ക്ക് തലവേദന സൃഷ്ടിക്കുകയാണ്.
അതിനാൽ ആക്രമണം ശക്തിപ്പെടുത്താൻ ജാഗ്രതയോടെ നിലകൊളളുകയാണ് റഷ്യ. റഷ്യൻ സൈന്യത്തെ കീവിന് സമീപം പുനർവിന്യസിച്ചതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ യുഎസ് കേന്ദ്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതെ സമയം യുക്രെയ്‌നുവേണ്ടി പോരാടാൻ മുൻബ്രിട്ടീഷ് സൈനികരും ഇപ്പോഴത്തെ സൈനികരും കീവിലെത്തുന്നുണ്ട്.
Comments