ഗാന്ധിനഗർ: ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മ ഹീരാബെന്നിനെ സന്ദർശിച്ചു. അഹമ്മദാബാദിലെ വിവിധ പൊതുപരിപാടികൾക്ക് ശേഷം വൈകിട്ടോടെയാണ് അദ്ദേഹം അമ്മയെ സന്ദർശിച്ചത്.
ഗാന്ധിനഗറിലെ സൊസൈറ്റി പാർട്ട്-2 വിലെ വൃന്ദാവൻ ബംഗ്ലാവിൽ പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയുടെ വീട്ടിലാണ് അമ്മ. ഇവിടെയെത്തിയാണ് പ്രധാനമന്ത്രി അമ്മയെ സന്ദർശിച്ചത്. അമ്മയുടെ ആരോഗ്യവിവരങ്ങളും ക്ഷേമവും തിരക്കിയ പ്രധാനമന്ത്രി ഒരുമിച്ച് ഭക്ഷണവും കഴിച്ചു. ഗുജറാത്തി വിഭവമായിരുന്നു മോദിക്കായി ഒരുക്കിയിരുന്നത്.
സുരക്ഷാവലയങ്ങൾ ഏറെയില്ലാതെയാണ് മോദി അമ്മയെ കാണാൻ വീട്ടിലെത്തിയത്. ക്ഷേമ വിവരങ്ങൾ തിരക്കി അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ സന്ദർശനത്തിന് എത്തിയത്.
ഗുജറാത്ത് വിമാനത്താവളത്തിൽ നിന്നും വൻ സ്വീകരണത്തോടെയാണ് അദ്ദേഹത്തെ ബിജെപി ഓഫീസിലേക്ക് ആനയിച്ചത്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വലിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകരെല്ലാം ഇരട്ടി ആവേശത്തിലായിരുന്നു. ബിജെപി നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. പിന്നീട് അഹമ്മദാബാദിലെ ജിഎംഡിസി ഗ്രൗണ്ടിൽ നടന്ന മഹാപഞ്ചായത്ത് സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
Comments