ന്യൂഡൽഹി: പഞ്ചാബിലെ നിമയസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. പാർട്ടിയുടെ പ്രവർത്തനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എഎപി മുതിർന്ന നേതാവ് സോമനാഥ് ഭാരതി പറഞ്ഞു. പഞ്ചാബിൽ ആകെയുള്ള 117 സീറ്റിൽ 92ലും വിജയിച്ചാണ് ആം ആദ്മി പാർട്ടി പുതു ചരിത്രമെഴുതിയത്.
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ അംഗത്വ യജ്ഞം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ പാർട്ടിയുടെ രാഷ്‌ട്രീയത്തിൽ തത്പര്യം കാണിച്ചു തുടങ്ങി. നിരവധി പേരാണ് അംഗത്വം നേടാനായി ആഗ്രഹിക്കുന്നതെന്നും സോമനാഥ് ഭാരതി പറഞ്ഞു.
കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ എഎപിയ്‌ക്ക് യൂണിറ്റുകളുണ്ട്. 2018ൽ കർണ്ണാകയിലും തെലങ്കാനയിലും മത്സരിച്ചെങ്കിലും ജയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പ്രാദേശിക ടീമുകളായിരിക്കും മെമ്പർഷിപ്പ് ഡ്രൈവ് നടത്തുക. ഈ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ പ്രചാരണങ്ങൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments