ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ചുമതല രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇന്ന് നടക്കുന്ന സിഡബ്ല്യുസി യോഗത്തിന് മുന്നോടിയായാണ് ഗെലോട്ടിന്റെ പ്രതികരണം. ധ്രുവീകരണം മൂലം പാർട്ടി നിലവിൽ പരാജയമാണ്. രാഹുൽ ഗാന്ധി ചുമതല ഏറ്റെടുക്കണം. പാർട്ടിയുടെ ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് വേണമെന്നുമാണ് ഗെലോട്ട് ആവശ്യപ്പെട്ടത്.
കോൺഗ്രസിനുള്ളിൽ ഏറ്റവും നിർണായക തീരുമാനമെടുക്കുന്ന കൂടിക്കാഴ്ചയായ സിഡബ്ല്യുസി യോഗം വൈകുന്നേരം 4 മണിക്ക് ചേരുമെന്നാണ് വിവരം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയമാണ് പ്രധാന ചർച്ചാ വിഷയം.
നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഇന്ന് നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന പല നേതാക്കളും ഇന്ന് രാജി സമർപ്പിച്ചേക്കുമെന്നാണ് സൂചന. 2019ലെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് പാർട്ടി അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി രാജിവച്ചിരുന്നു. തുടർന്ന് 2019 ഓഗസ്റ്റിൽ സോണിയയ്‌ക്ക് ഇടക്കാല അധ്യക്ഷയായി ചുമതല ഏറ്റെടുക്കേണ്ടി വന്നു. ഇന്ന് നടക്കുന്ന സിഡബ്ല്യൂസി യോഗത്തിൽ പാർട്ടിയിൽ നിലവിലുള്ള അനിശ്ചിതത്വങ്ങൾക്ക് അവസാനമാകുമെന്നാണ് സൂചന.
















Comments