തിരുവനന്തപുരം: സിപിഎമ്മിനേയും ഇഎംഎസിനേയും വിമര്‍ശിച്ച് നവയുഗത്തിലെ ലേഖനം. സിപിഎമ്മിന്റെ രാഷ്‌ട്രീയ പ്രസിദ്ധീകരണമായ ചിന്ത വാരികയില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് സിപിഐയുടെ രാഷ്‌ട്രീയ പ്രസിദ്ധീകരണമായ നവയുഗത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിമര്‍ശനം തിരിഞ്ഞു കൊത്തുന്ന നുണകളാണെന്ന് ലേഖനത്തില്‍ പറയുന്നു. ചിന്തയിലേത് ഹിമാലയന്‍ വിഡ്ഢിത്തരങ്ങളാണ്. ശരിയും തെറ്റും അംഗീകരിക്കാന്‍ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. തെറ്റ് തുറന്ന് പറയാതെ പഴയ തെറ്റുകളെ ന്യായീകരിക്കുകയാണ്. നക്‌സല്‍ബാരി ഉണ്ടായതിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്. യുവാക്കള്‍ക്ക് സായുധ വിപ്ലവമോഹം നല്‍കിയത് സിപിഎമ്മാണ്. ഇക്കാര്യത്തില്‍ സിപിഎം സ്വയം വിമര്‍ശനം നടത്തണമെന്നും ലേഖനം പറയുന്നു.
ഇംഎംഎസിനേയും നവയുഗത്തിലെ ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കൂട്ടത്തില്‍ ഉള്ളവരെ വര്‍ഗവഞ്ചകര്‍ എന്ന് വിളിച്ചത് ഇഎംഎസ് ആണെന്നാണ് നവയുഗത്തില്‍ ആരോപിക്കുന്നത്. ഇന്ത്യ-ചൈന യുദ്ധ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ ജയിലിലാക്കി എന്ന വാദം തെറ്റാണ്. അറസ്റ്റിലായവരില്‍ ജെ. ചിത്തരഞ്ജനും ഉണ്ണി രാജയും അടക്കം കേരളത്തിലെ 18 സി.പി.ഐ നേതാക്കളും ഉണ്ടായിരുന്നു. ഇവരെ ആരാണ് ജയിലിലടച്ചതെന്നും ലേഖനത്തില്‍ ചോദിക്കുന്നു.
ചെങ്കൊടി ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണ് സിപിഐ എന്നായിരുന്നു ചിന്തയിലെ വിമര്‍ശനം. സ്വന്തം സഖാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി ജയിലില്‍ അടച്ച ചരിത്രമാണ് സിപിഐക്കുള്ളത്. അവസരവാദികളാണ് സിപിഐക്കാര്‍ എന്നും ലേഖനത്തില്‍ വിമര്‍ശനം ഉണ്ടായിരുന്നു. വാരികയിലെ വിമര്‍ശനത്തിന് മറുപടിയുമായി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. ചിന്തയ്‌ക്ക് നവയുഗം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















Comments