കോട്ടയം: ആടിനെ മോഷ്ടിച്ച് ഇറച്ചിയാക്കി വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കിഴക്കേചേനാൽ സാജു ജോസഫിനെയാണ് (45) പാലാ സിഐ കെ.പി ടോംസണും സംഘവും അറസ്റ്റ് ചെയ്തത്. പൂർണ ഗർഭിണിയായ ആടിനെയാണ് പ്രതി മോഷ്ടിച്ചത്. ഗർഭസ്ഥ ശിശുവായ ആടിന്റെ ഇറച്ചിയും പ്രതി വിൽപന നടത്തിയിരുന്നു. കുടക്കച്ചിറ വരകാപ്പിള്ളിൽ സരോജിനിയുടേതാണ് ആട്. അയൽവാസിയാണ് പ്രതിയായ സാജു ജോസഫ്.
പ്രതിയുടെ വീട്ടിൽ നിന്ന് ആടിന്റെ തോലും മുറിച്ചുമാറ്റിയ കാലുകളും പോലീസ് കണ്ടെടുത്തു. പറമ്പിൽ കെട്ടിയിരുന്ന ആടിനെ ശനിയാഴ്ച ഉച്ചയോടെയാണ് സാജു അഴിച്ചുകൊണ്ടുപോയത്. തുടർന്ന് പ്രതിയുടെ വീടിന്റെ അടുക്കള ഭാഗത്തുവെച്ച് ആടിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതിയെ സഹായിച്ച മറ്റ് അയൽവാസികൾക്കായി തിരച്ചിലിലാണ് പോലീസ്. ബെന്നി, ബിനീഷ്, റോബിൻസ് എന്നീ അയൽവാസികളെയാണ് പോലീസ് തിരയുന്നത്.
ഏതാനും നാളുകൾക്ക് മുമ്പ് സരോജിനിയുടെ മൂന്ന് ആടുകൾ മോഷണം പോയിരുന്നു. ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സാജുവിന് പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. പാലാ കോടതിയിൽ ഹാജരാക്കിയ ഒന്നാംപ്രതി സാജുവിനെ കോടതി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
Comments