തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞതല്ല കെ-റെയിൽ ഡിപിആറിലെ എംബാർഗ്മെന്റ് കണക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതി ലാഭകരമാണെന്ന് വരുത്തിത്തീർക്കാൻ കണക്കുകളിൽ കൃത്രിമം നടത്തുകയാണ് ചെയ്യുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു. എതിർക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ഏകാധിപതികളാണ്. എതിർക്കുന്നവരെ അടിച്ചമർത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്. കേരളത്തെ ബനാന റിപ്പബ്ലിക്ക് ആക്കാൻ അനുവദിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
സിൽവർ ലൈനിന്റെ ഇരകളാകാൻ പോകുന്നത് കേരളം മുഴുവനാണ്. കെ-റെയിൽ കോർപ്പറേഷൻ തന്നെ തട്ടിപ്പാണ്. കെ-റെയിലിനെതിരെ സംസ്ഥാന വ്യാപകമായി സമരവുമായി മുന്നോട്ട് പോകുമെന്നും വി.ഡി സതീശൻ പറഞ്ഞു. ഡിപിആറിൽ ഡാറ്റാ കൃത്രിമം നടത്തിയിരിക്കുകയാണ്. ഡാറ്റാ പരിശോധിച്ചാൽ ഡാറ്റാ തയ്യാറാക്കിയവർ ജയിലിൽ പോകേണ്ടി വരും. ഡാറ്റാ കൃത്രിമം ഗുരുതര കുറ്റകൃത്യമാണെന്നും വിഡി സതീശൻ പറഞ്ഞു.
വരേണ്യ വർഗ്ഗത്തിന് വേണ്ടിയാണ് കെ-റെയിൽ നടപ്പിലാക്കുന്നത്. പൊതുഗതാഗത സംവിധാനത്തേയും കെ-റെയിൽ വിഴുങ്ങും. കേരളത്തിലെ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുകയാണ് സർക്കാർ. എന്നിട്ട് വരേണ്യവിഭാഗത്തിന് വേണ്ടി കെ-റെയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നു. ഇതിന്റെ ഇരകൾ കേരളം മുഴുവനാണെന്നും സതീശൻ വിമർശിച്ചു.
കുട്ടികൾക്ക് പാലും മുട്ടയും കൊടുക്കാൻ കഴിയാത്ത സർക്കാരാണിത്. പാലും മുട്ടയും കൊടുക്കാൻ പ്രധാനാദ്ധ്യാപകർ പോക്കറ്റിൽ നിന്നും കാശ് കൊടുക്കേണ്ടി വരുന്നുവെന്നും സതീശൻ വിമർശിച്ചു. പോലീസ് വാഹനങ്ങൾക്ക് പോലും പെട്രോൾ അടിക്കാൻ കാശില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുമ്പോഴും എന്തിനാണ് ഇങ്ങനെയൊരു പദ്ധതിയെന്നും സതീശൻ ചോദിച്ചു.
Comments