ന്യൂഡൽഹി: കേരളം അടക്കം ചില സംസ്ഥാനങ്ങളിൽ പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് കുറയ്‌ക്കാത്തതിൽ വിമർശനവുമായി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി. കേരളം, മഹാരാഷ്‌ട്ര, തെലങ്കാന തുടങ്ങിയ രാജ്യങ്ങൾ പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള വാറ്റ് കുറച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ധന വില കുറയ്‌ക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
യുഎസ്എ, കാനഡ, ജർമ്മനി, യുകെ, ഫ്രാൻസ്, സ്‌പെയ്ൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ 50 ശതമാനത്തിന് മുകളിൽ ഇന്ധന വില ഉയർന്നിട്ടുണ്ട്. ഈ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വെറും അഞ്ച് ശതമാനം മാത്രമാണ് ഉയർന്നിട്ടുള്ളത്. കൊറോണ മഹാമാരിയുടെ കാലത്ത് അഞ്ച് ശതമാനം മാത്രമാണ് രാജ്യത്ത് ഇന്ധനവില ഉയർത്തിയിട്ടുള്ളത്. എന്നാൽ അത് പിന്നീട് കുറച്ചുവെന്നും മന്ത്രി പറഞ്ഞു.
സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് നികുതി ഈടാക്കുന്നത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിരുന്നു. എന്നാൽ കേരളവും മഹാരാഷ്‌ട്രയും അടക്കനുള്ള ഒൻപത് സംസ്ഥാനങ്ങൾ ഇത് കുറയ്‌ക്കാൻ തയ്യാറായിട്ടില്ല. രാജ്യത്ത് ഇന്ധനവില ഇപ്പോൾ സ്ഥിരമായി തുടരുകയാണ്. രാജ്യത്ത് വില കൂടാത്തതിൽ സന്തോഷിക്കുകയാണ് വേണ്ടതെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
വില ഉയരാത്തതിൽ സന്തോഷിക്കുന്നതിന് പകരം എന്തുകൊണ്ടാണ് വില ഉയർത്തുന്നതെന്ന ചോദ്യമാണ് കേൾക്കുന്നത്. കുറഞ്ഞ വിലയിൽ ഇന്ത്യയ്‌ക്ക് അസംസ്‌കൃത എണ്ണ നൽകാമെന്ന് റഷ്യ അറിയിച്ചിരുന്നു. റഷ്യൻ സർക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്. മതിയായ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാലാണ് തീരുമാനം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
















Comments