ബംഗളൂരു: വിരാട് കോലിയ്‌ക്കൊപ്പം സെൽഫിയെടുത്ത യുവാക്കൾ അറസ്റ്റിൽ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഗ്രൗണ്ടിലിറങ്ങി സെൽഫിയെടുത്തതിനാണ് അറസ്റ്റ്. നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
യുവാക്കൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനും ഗ്രൗണ്ടിൽ അതിക്രമിച്ച് കടന്നതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നാല് പേരിൽ ഒരാൾ കലബുറഗിയും മറ്റ് മൂന്ന് പേർ ബംഗളൂരു സ്വദേശിയുമാണെന്ന് പോലീസ് പറയുന്നു.
ടെസ്റ്റിൽ രണ്ടാം ദിനമായ ഞായറാഴ്ച അവസാന സെഷനിൽ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുമ്പോഴാണ് ഇവർ ഗ്രൗണ്ടിലിറങ്ങിയത്. മുഹമ്മദ് ഷമിയുടെ പന്തുകൊണ്ട് കുശാൽ മെൻഡിസ് ചികിത്സ തേടിയപ്പോഴാണ് സംഭവം.
നാലുപേരിൽ ഒരാൾ ഫോൺ പോക്കറ്റിൽ നിന്നുമെടുത്ത് കോലിയുടെ അനുവാദത്തോടെ സെൽഫിയെടുക്കുകയായിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും അവരെ ബലം പ്രയോഗിച്ച് ഗ്രൗണ്ടിന് പുറത്തുകൊണ്ടുപോയി കേസെടുക്കുകയും ചെയ്തു.
Comments