കൊച്ചി: ദുൽഖർ സൽമാന്റെ സിനിമകളുമായി ഇനി സഹകരിക്കില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട് ഒടിടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണ് നടപടി. തീയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചുവെന്ന് തീയേറ്റർ ഉടമകൾ പറയുന്നു. വെള്ളിയാഴ്ച ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാനിരിക്കെയാണ് പ്രതിഷേധവുമായി ഫിയോക്ക് എത്തിയത്.
ഇനിമുതൽ ദുൽഖർ നിർമ്മിക്കുന്ന ചിത്രങ്ങളോ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളോ തീയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്. കൊച്ചിയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. നേരത്തെ സല്യൂട്ട് തീയേറ്ററിൽ റിലീസ് ചെയ്യാമെന്ന് ദുൽഖർ വാക്ക് നൽകിയതായി ഫിയോക്ക് പറയുന്നു. തങ്ങൾക്ക് വാഗ്ദാനം നൽകിയ ശേഷം വഞ്ചനാപരമായ തീരുമാനം ദുൽഖർ എടുത്തുവെന്നും ഫിയോക്ക് വ്യക്തമാക്കി.
ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ചിത്രമാണ് സല്യൂട്ട്. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്‌ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാർച്ച് 18ന് sonyliv ൽ ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് ദുൽഖർ സൽമാൻ അറിയിച്ചിരിക്കുന്നത്. പിന്നാലെയാണ് ഫിയോക്ക് പ്രതിഷേധിച്ച് എത്തിയത്.
Comments