കൊല്ലം: ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ബോട്ട് വാങ്ങി നൽകിയതിന് കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ക്യുബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. ഈശ്വരി ബോട്ട് വാങ്ങി നൽകി എന്ന് കണ്ടെത്തിയതിനെ
തുടർന്നാണ് അറസ്റ്റ്.
കഴിഞ്ഞ ഏപ്രിലിൽ തമിഴ്‌നാട് രാമേശ്വരത്ത് നിന്ന് ബോട്ട് കാണാതായെന്ന് രാമേശ്വരം സ്വദേശി ജോസഫ് രാജ് നൽകിയ പരാതിയെ തുടർന്ന് തമിഴ്‌നാട് പോലീസും പിന്നാലെ ക്യൂബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് ബോട്ട് മനുഷ്യക്കടത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയത്. നീണ്ടകര സ്വദേശി ഷെഫീറിന്റെ പക്കൽ നിന്നും ഇടനിലക്കാരൻ കൂടിയായ ജോസഫ് രാജ് കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ ബിനാമിയാക്കി സെന്റ് അലക്‌സ് എന്ന ബോട്ട് വാങ്ങിയതായി കണ്ടെത്തിയിരുന്നു.
ഈ ബോട്ട് ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ഉപയോഗിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതേ തുടർന്നാണ് കേസിലെ ഏഴാം പ്രതിയായ ഈശ്വരിയെ അറസ്റ്റ് ചെയ്തത്. നീണ്ടകരയിൽ നിന്ന് രാമേശ്വരത്ത് എത്തിച്ച ബോട്ടിൽ ഡീസൽ ടാങ്കിന്റെ സംഭരണശേഷി കൂട്ടിയതായും 50 പേർക്ക് ഇരിപ്പിടം സജ്ജീകരിച്ചുവെന്നും ക്യുബ്രാഞ്ചിന് തെളിവുകൾ ലഭിച്ചിരുന്നു.
ജോസഫ് രാജിനെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും സമാന്തരമായി ഈ കേസ് അന്വേഷിക്കുന്നുണ്ട്.
Comments