ന്യൂഡൽഹി: കശ്മീർ താഴ്‌വരയിൽ തങ്ങൾക്കായി സ്ഥലം അനുവദിച്ചാൽ വേദ സംസ്‌കാരം പുന:സ്ഥാപിക്കാനുള്ള നടപടികൾ ചെയ്യാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ച് സന്യാസിമാർ. ‘ദ കശ്മീർ ഫയൽസ്’ ചിത്രം കണ്ടതിന് ശേഷമായിരുന്നു പ്രതികരണം. സന്യാസിമാർക്ക് കശ്മീർ ഫയൽസ് ചിത്രം കാണുന്നതിനായി ഇൻഡോറിൽ നിന്നുള്ള ബിജെപി നേതാവായ ദീപക് ജെയ്ൻ രണ്ട് തീയേറ്ററുകൾ ബുക്ക് ചെയ്തിരുന്നു. നൂറുകണക്കിന് സന്യാസിവര്യന്മാരാണ് ഇവിടെ നിന്ന് ചിത്രം കണ്ടത്.
ഭഗവാൻ കശ്യപന്റേയും ആദി ശങ്കരാചാര്യരേയും ആരാധിച്ചിരുന്ന നാടാണ് കശ്മീർ, എന്ന് ചിത്രം കാണാനെത്തിയ മഹാമണ്ഡലേശ്വർ രാധേ രാധേ ബാബ പറഞ്ഞു. വേദകാലത്ത് പണ്ഡിറ്റുകളുടെ നാടായിട്ടാണ് കശ്മീർ അറിയപ്പെട്ടിരുന്നത്. വേദസംസ്‌കാരത്തെ തകർക്കുന്നതിനായി ഹീനമായ ക്രൂരകൃത്യങ്ങളാണ് പിന്നീട് ആ നാട്ടിൽ അരങ്ങേറിയത്. കശ്മീരി പണ്ഡിറ്റുകൾ വളരെയധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. പുതിയ തലമുറയിലെ കുട്ടികൾ ഈ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നുവെന്നും രാധേ രാധേ ബാബ പറഞ്ഞു.
സ്‌കൂൾ വിദ്യാർത്ഥികൾക്കായി സിനിമയുടെ പ്രത്യേക പ്രദർശനം നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. നേരത്തെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. എല്ലാ സത്യാന്വേഷികളും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് കശ്മീർ ഫയൽസ് എന്ന് അദ്ദേഹം പറഞ്ഞു. വളരെ മികച്ച തിരക്കഥയാണ് ചിത്രത്തിനുള്ളത്. വളരെയധികം പഠനം നടത്തിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പ്രകീർത്തിച്ചിരുന്നു.
















Comments