കീവ്: റഷ്യൻ അധിനിവേശം ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ യുക്രെയ്‌ന്റെ നാശനഷ്ടത്തിന്റെ വ്യാപ്തി തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. അമേരിക്കൻ സ്വകാര്യ കമ്പനിയായ മാക്‌സർ ടെക്‌നോളജീസ് പുറത്ത് വിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് രാജ്യത്തെ നാഷശനഷ്ടങ്ങളുടെ ആഴം വ്യക്തമാകുന്നത്.
അംബരചുംബികളായ കെട്ടിടങ്ങളെല്ലാം നിലം പൊത്തിയ കാഴ്ചയാണ് ഉപഗ്രഹ ചിത്രങ്ങളിലുടനീളം വ്യക്തമാകുന്നത്. തുറമുഖനഗരമായ മരിയുപോളിന്റെ സമീപത്തുള്ള ചെറുനഗരങ്ങളുടെ ആകാശ ദൃശ്യങ്ങളാണ് മാക്‌സർ ടെക്‌നോളജീസ് പുറത്ത് വിട്ടത്.
മാരിയുപോളിന് 35 മൈൽ വടക്കുമാറി തെക്ക് കിഴക്കൻ യുക്രെയ്നിലെ വോൾനോവാക്കയുടെ ആകാശദൃശ്യങ്ങളാണ് പുറത്തുവന്നത്. പളളികൾ ഉൾപ്പെടെയുളള ആരാധനാലയങ്ങളുടെ അടയാളമായി ഭിത്തികൾ മാത്രമാണ് അവശേഷിക്കുന്നത്
റെയൽവേസ്റ്റേഷനുകളും പുരാതനമായ കെട്ടിടങ്ങളും റഷ്യയുടെ സൈനിക ആക്രമണത്തിൽ നിലം പൊത്തിയതായാണ് വിവരം. അധിനിവേശം തുടങ്ങിയ നാൾ മുതൽ ആദ്യം സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിരുന്ന റഷ്യൻ സൈന്യം പിന്നീട് ആക്രമണങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കും യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
അതേസമയം യുദ്ധത്തിന് ദിവസങ്ങൾക്കുള്ളിൽ തന്നെ അവസാനമുണ്ടായേക്കാവുന്ന തരത്തിലുള്ള സൂചനകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. യുക്രെയ്‌നിൽ സൈനിക ഓപ്പറേഷൻ നിർത്തലാക്കാൻ അന്താരാഷ്‌ട്ര നീതിന്യായ കോടതി ഇന്നലെ ഉത്തരവിട്ടു.റഷ്യയുടെ നിയന്ത്രണത്തിലോ മോസ്‌കോയുടെ പിന്തുണയിലോ ഉള്ള മറ്റ് ശക്തികൾ സൈനിക നടപടി തുടരരുതെന്ന് റഷ്യ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ 15 ഇന രൂപ രേഖ തയ്യാറാകുന്നതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്ൻ നാറ്റോ അംഗത്വം സ്വീകരിക്കില്ലെന്ന് കരാറിലുണ്ടെന്നാണ് സൂചന.
















Comments