ഹൈദരാബാദ് : കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ കഥപറയുന്ന ചിത്രം ദി കശ്മീർ ഫയൽസിനെതിരെ പോപ്പുലർഫ്രണ്ട്. സിനിമ വർഗ്ഗീയ ലഹളയ്‌ക്ക് കാരണം ആകുമെന്ന് പോപ്പുലർഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അനിസ് അഹമ്മദ് പ്രതികരിച്ചു. നിലവിൽ രാജ്യമെമ്പാടുമുള്ള പ്രേഷകരിൽ നിന്നും വലിയ പിന്തുണയാണ് സിനിമയ്‌ക്ക് ലഭിക്കുന്നത്. ഇതിനിടെയാണ് ഇതിനെതിരെ പോപ്പുലർഫ്രണ്ട് രംഗത്ത് വന്നിരിക്കുന്നത്.
രാജ്യത്തെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം ചെയ്യുന്നതാണ് ദി കശ്മീർ ഫയൽസ് എന്ന് അനിസ് അഹമ്മദ് ട്വിറ്ററിൽ കുറിച്ചു. സിനിമ കണ്ടതിന് ശേഷം തിയറ്ററുകളിൽ നിന്നും ചിലർ നടത്തുന്ന പരാമർശങ്ങൾ മുസ്ലീങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലാണ്. എല്ലാ വീഡിയോയിലും മുസ്ലീം വംശഹത്യ നടത്താനുള്ള പരസ്യ ആഹ്വാനം കാണാമെന്നും പോപ്പുലർഫ്രണ്ട് നേതാവ് വ്യക്തമാക്കി.
രാജ്യം ഒന്ന് ഓർക്കണം. മുസ്ലീം വംശഹത്യയുണ്ടായാൽ അതിന് കാരണം ദി കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും, മറ്റ് അണിയറ പ്രവർത്തകരും ആയിരിക്കുമെന്നും അനിസ് ട്വീറ്റ് ചെയ്തു. തിയറ്ററിന് മുൻപിൽ നിന്നുള്ള ഒരു പ്രേഷകന്റെ പ്രതികരണവും അനിസ് ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഒരാഴ്ച മുൻപാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യം കുറച്ചു തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ സിനിമയ്‌ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ കൂടുതൽ തിയറ്ററുകൾ സിനിമ പ്രദർശിപ്പിക്കാൻ ആരംഭിച്ചു. ഓരോ ദിവസം സിനിമ റെക്കോർഡ് കളക്ഷൻ ആണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.
















Comments